അംഗീകാരമില്ലാതെ പ്രവർത്തിച്ച വൃദ്ധമന്ദിരം അടച്ചുപൂട്ടി
1298706
Wednesday, May 31, 2023 3:48 AM IST
തൊടുപുഴ: സാമൂഹിക നീതി വകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ച വയോജന മന്ദിരം ജില്ലാ കളക്ടറുടെ നിർദേശപ്രകാരം അടച്ചുപൂട്ടി. മുതലക്കോടത്ത് അംഗീകൃത ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന എൽഡർ ഗാർഡൻ എന്ന സ്ഥാപനമാണ് അടച്ചു പൂട്ടിയത്.
മതിയായ രേഖകളില്ലാതെയാണ് സ്വകാര്യ വ്യക്തി സ്ഥാപനം നടത്തിവന്നിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശത്തും മറ്റും ജോലി ചെയ്യുന്നവരുടെ പ്രായമായ മാതാപിതാക്കളെയാണ് വലിയ തുക വാങ്ങി ഇവിടെ സംരക്ഷിച്ചിരുന്നത്.
പ്രവേശനം എടുക്കുന്ന സമയത്ത് പത്തു ലക്ഷത്തോളം രൂപ വരെ വാങ്ങിയതായും മാസം 20000 മുതൽ 30000 രൂപ വരെയാണ് ഈടാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു.
സ്ഥാപന അധികൃതരോട് രജിസ്ട്രേഷൻ എടുത്തതിനു ശേഷമേ പ്രവർത്തിക്കാവു എന്ന് നിർദേശിച്ചിരുന്നെങ്കിലും ഇവർ പാലിച്ചില്ല. തുടർന്ന് പരിശോധന നടത്തിയ സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനം അടച്ചുപൂട്ടാൻ കളക്ടർ നിർദേശം നൽകിയത്. ഇവിടെ താമസിച്ചിരുന്ന 14 വയോധികരെ ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ നിർദേശ പ്രകാരം വാഴക്കാലാ കരുണാഭവൻ, പൈങ്കുളം എസ്എച്ച് സ്നേഹഭവൻ, മുതലക്കോടം സ്നേഹാലയം ട്രസ്റ്റ് എന്നിവിടങ്ങളിലേക്കു മാറ്റി.