ബേഡുമെട്ടിലെ മാലിന്യപ്ലാന്റിലെ മാലിന്യനിര്‍മാര്‍ജനത്തിൽ ക്രമക്കേടെന്ന്
1298702
Wednesday, May 31, 2023 3:42 AM IST
നെടുങ്കണ്ടം: ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ പോലും തയാറാകാത്ത നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതി മാലിന്യത്തിലും കൈയിട്ടുവാരി കോടികള്‍ മുക്കുന്നതായി കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
യുഡിഎഫ് ഭരണകാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും പഞ്ചായത്തിന് വരുമാനം ഉണ്ടാക്കി നല്‍കുകയും ചെയ്തിരുന്ന ബേഡുമെട്ടിലെ മാലിന്യ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കി. ഇവിടത്തെ മാലിന്യങ്ങള്‍ ഗ്രീന്‍ കേരള കമ്പനിക്ക് ഒരു കോടി 40 ലക്ഷം രൂപ അങ്ങോട്ട് നല്കി നിര്‍മാര്‍ജനം ചെയ്തതില്‍ വന്‍ ക്രമക്കേടാണ് നടന്നിരിക്കുന്നത്. ഈ ഇടപാട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
മുന്‍ യുഡിഎഫ് ഭരണകാലത്ത് ആറ് ജീവനക്കാരെ വച്ച് മികച്ച രീതിയില്‍ മാലിന്യ നിര്‍മാര്‍ജനം നടത്തുകയും ഇതുവഴി മികച്ച പ്ലാന്റിനുള്ള അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒമ്പത് ജീവനക്കാരുണ്ടെങ്കിലും ദുര്‍ഗന്ധംമൂലം പ്ലാന്റിന്റെ പരിസരത്തുപോലും എത്താന്‍ പറ്റാത്ത സ്ഥിതിയാണ്. സിപിഎം വനിതാ നേതാവാണ് പ്ലാന്റിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
ഗ്രീന്‍ കേരള കമ്പനിക്ക് നല്കിയതുള്പ്പടെ ഏകദേശം രണ്ടുകോടി രൂപയാണ് പഞ്ചായത്തിന് നഷ്ടമായിരിക്കുന്നത്. നെടുങ്കണ്ടം ടൗണിലെ കരുണാ ആശുപത്രി റോഡ്, മൈനര്‍സിറ്റി റോഡ് തുടങ്ങിയ റോഡുകളെല്ലാം തകര്‍ന്ന നിലയിലാണ്. ഇത് നന്നാക്കാന്‍പോലും തയാറാകാത്ത ഭരണസമിതി അഴിമതി നടത്തി പണമുണ്ടാക്കാനുള്ള തിരക്കിലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
മാലിന്യ പ്ലാന്റിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് നടത്തുമെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത കെ.എന്‍ തങ്കപ്പന്, ശ്യാമളാ വിശ്വനാഥന്, കെ.ആര് രാമചന്ദ്രന്, അനില്‍ കട്ടൂപ്പാറ, റെജി ആശാരികണ്ടം, വി. ജോസഫ്, കെ.കെ സലിം, ജൂബി ആനക്കല്ല് എന്നിവര്‍ അറിയിച്ചു.