ഇടമലക്കുടിയിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കും: മന്ത്രി രാധാകൃഷ്ണൻ
1298325
Monday, May 29, 2023 10:02 PM IST
മൂന്നാര്‍: ഇടമലക്കുടിയിൽ ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ഇടമലക്കുടിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇടമലക്കുടിയിൽ റോഡ് വരുന്നതോടെ പഞ്ചായത്ത്, ആശുപത്രി, സ്കൂൾ തുടങ്ങിയവയുടെ പ്രവർത്തനം കാര്യക്ഷമമാകും. ഒന്നര വർഷംകൊണ്ട് റോഡിന്റെ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമെന്നും ഇതിനോടൊപ്പംതന്നെ ഇഡലിപ്പാറക്കുടി-സൊസൈറ്റിക്കുടി റോഡിന്റെ നിർമാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ അധ്യയന വർഷം തന്നെ ഇടമലക്കുടി എൽപി സ്കൂൾ യുപി സ്കൂളാക്കി ഉയർത്തും.
ഇടമലക്കുടിയിൽ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്. 4.37 കോടി ചെലവില്‍ മൂന്നാറില്‍നിന്നു 40 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചാണ് കണക്റ്റിവിറ്റി ഒരുക്കുന്നത്. ബിഎസ്എന്‍എലിനാണ് നിര്‍മാണച്ചുമതല.
106 ചതുരശ്ര കിലോമീറ്റർ വനത്തിനുള്ളിൽ 24 കുടികളിലായി മുതുവാൻ വിഭാഗക്കാരായ 806 കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. മന്ത്രി കെ. രാധാകൃഷ്ണനെ ഉൗരുമൂപ്പ·ാരും ജനപ്രതിനിധികളും അടക്കം ഗോത്ര സമൂഹം സ്വീകരിച്ചു. എ.രാജ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി, ത്രിതല പഞ്ചായത്തംഗങ്ങളായ ആനന്ദറാണി ദാസ് , ഭവ്യ കണ്ണൻ, സി. രാജേന്ദ്രൻ, മോഹൻദാസ് , ശിവമണി, ഷണ്മുഖം, പട്ടിക വർഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.കൃഷ്ണപ്രകാശ്, ഇടുക്കി ഐടിഡിപി പ്രോജക്ട് ഓഫീസർ ജി. അനിൽകുമാർ, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ സി.കെ.പ്രസാദ് പഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ, ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ എസ്.എ.നജീം എന്നിവർ പ്രസംഗിച്ചു.