വിദ്യാർഥികളെ വരവേൽക്കാൻ അടിപൊളിയാക്കി സ്കുളുകൾ
1298289
Monday, May 29, 2023 9:29 PM IST
തൊടുപുഴ: വിദ്യാലയങ്ങൾ തുറക്കാൻ രണ്ടുനാൾ മാത്രം ശേഷിക്കെ പുതിയ അധ്യയന വർഷാരംഭത്തിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ അവസാന ഘട്ടത്തിലേക്ക്. സ്കൂൾ ശുചീകരണം, സ്കൂൾ വാഹനങ്ങൾ സജ്ജീകരിക്കൽ, പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ എന്നിവയാണ് തകൃതിയായി നടക്കുന്നത്. പുതുതായി സ്കൂളുകളിലെത്തുന്ന നവാഗതരെ വരവേൽക്കാൻ സ്കൂളുകൾ കമനീയമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പിടിഎയുടെയും സ്കൂൾ അധികൃതരുടെയും നേതൃത്വത്തിൽ നടന്നുവരികയാണ്. അധ്യാപകർക്കുള്ള ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും ഇതിനോടകം പൂർത്തിയായി.
പണിക്കൻ കുടി ഗവ. എച്ച്എസ്എസിലാണ് ഇത്തവണത്തെ ജില്ലാതല പ്രവേശനോത്സവം നടക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവം വർണാഭമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ആർ. ബിന്ദു പറഞ്ഞു. സ്കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഡിഇഒ, എഇഒമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചുവരികയാണ്. സ്കൂൾ പരിസരത്തെ കാടും പടലും വെട്ടിമാറ്റി വൃത്തിയാക്കി.
സ്കൂൾ കെട്ടിടങ്ങളുടെയും ക്ലാസ്മുറികൾ, ശുചിമുറി തുടങ്ങിയവയുടെയും അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലാണ്. ക്ലാസ്മുറികളുടെ പെയിന്റിംഗ്, ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കൽ എന്നിവയും നടന്നുവരുന്നു. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ഇന്നും നാളെയും സന്പൂർണ ശുചീകരണം നടക്കും. സ്കൂളും പരിസരവും, ക്ലാസ്മുറികൾ, ശുചിമുറി, കുട്ടികൾ പെരുമാറുന്ന മറ്റു സ്ഥലങ്ങൾ തുടങ്ങിയവ വൃത്തിയാക്കുകയും മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.
കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റു ജലസ്രോതസുകൾ എന്നിവ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. കുടിവെള്ള സാന്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പല സ്കൂളുകളിലും ജലലാബുകളും പ്രവർത്തിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെകൂടി പിന്തുണയോടെയാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
വിദ്യാഭ്യാസ ജില്ല, ഉപജില്ലാ തലങ്ങളിൽ യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് നടപടികൾ മുന്നോട്ടു പോകുന്നത്.