സ്കൂളിനു സമീപത്തെ വൈദ്യുത പോസ്റ്റ് അപകടക്കെണിയായി
1298070
Sunday, May 28, 2023 10:48 PM IST
ചെറുതോണി: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ വാഴത്തോപ്പിലെ നൂറുകണക്കിനു രക്ഷിതാക്കളുടെ മനസിൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തുകയാണ് ഒരു വൈദ്യുതി പോസ്റ്റ്. കത്തീഡ്രൽ പള്ളി റോഡിൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപം ബേക്കറിയോടു ചേർന്നുള്ള ത്രീഫേസ് കോൺക്രീറ്റ് പോസ്റ്റാണ് ഭീഷണി ഉയർത്തുന്നത്.
മൂന്നു വർഷം മുൻപ് റോഡിനു വീതി കൂട്ടി ടാർ ചെയ്തതോടെ പോസ്റ്റ് റോഡിനു നടുവിലായി. ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ, യുപി സ്കൂൾ, എൽപി സ്കൂൾ, അങ്കണവാടി തുടങ്ങിയ സ്ഥാപനങ്ങളിലെ 1500ൽപരം വിദ്യാർഥികൾ കടന്നുപോകുന്ന പാതയാണിത്. പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ് എന്നിവിടങ്ങളിലേക്കും എത്തുന്നവർ ആശ്രയിക്കുന്ന റോഡും ഇതാണ്.
വൈദ്യുത പോസ്റ്റ് മൂലം സ്കൂൾസമയത്ത് ഗതാഗത കുരുക്ക് രൂക്ഷമാണ്. കാൽനടയായി പോകുന്ന കുട്ടികൾ വാഹനങ്ങൾ കടന്നുവരുമ്പോൾ വശങ്ങളിലേക്ക് മാറാനാകാതെ വിഷമിക്കുകയാണ്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന അപ്പാർട്ടുമെന്റും ഇതിനു സമീപമുണ്ട്. ഇവിടെനിന്നുള്ള വാഹനങ്ങൾകൂടി എത്തുന്നതോടെ തിരക്ക് പതിന്മടങ്ങ് വർധിക്കും. പല രക്ഷിതാക്കളും ഇവിടെ കാത്തുനിന്നാണ് കുട്ടികളെ കടത്തിവിടുന്നത്.
സ്കൂൾ സമയങ്ങളിൽ തിരക്കിനിടയിലൂടെ ബൈക്ക് റേസ് നടത്തുന്നവരുടെ ശല്യവും ഇതുവഴിയുണ്ട്. ഇതിനെതിരേ നാട്ടുകാർ കഴിഞ്ഞ വർഷം പോലീസിൽ പരാതി നൽകിയിരുന്നു.
കാലവർഷം കനക്കുന്ന കർക്കിടകത്തിൽ കുട്ടികളെ എങ്ങനെ സ്കൂളിൽ അയയ്ക്കുമെന്ന ആശങ്കയിലാണ് മാതാപിതാക്കൾ. പഞ്ചായത്തും കെഎസ് ഇബി അധികൃതരും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.