ഇൻഷ്വറൻസ് തുക നൽകണം: കണ്‍സ്യൂമർ കോടതി
1298066
Sunday, May 28, 2023 10:48 PM IST
തൊടുപുഴ: സാങ്കേതിക കാരണങ്ങൾ നിരത്തി വാഹനങ്ങൾക്ക് ഇൻഷ്വറൻസ് തുക നിഷേധിക്കുന്ന കന്പനികൾക്ക് താക്കീതായി കണ്‍സ്യൂമർ കോടതി വിധി. റോയൽ ഇൻഷ്വറൻസ് ജനറൽ ഇൻഷ്വറൻസ് കന്പനിയുടെ വാദം തള്ളി 96,150 രൂപ വാഹന ഉടമയ്ക്ക് നൽകാൻ ഇടുക്കി കണ്‍സ്യൂമർ കോടതിയുടെ ഉത്തരവ്.
കുന്പംകല്ല് മനയ്ക്കൽ അനസ് ഇസ്മയിലാണ് ഇൻഷ്വറൻസ് കന്പനിക്കെതിരേ കോടതിയെ സമീപിച്ചത്. ഇദ്ദേഹത്തിന്റെ മാരുതി സുസുക്കി ബെലേനോ കാറിന്റെ അറ്റകുറ്റപ്പണി നടത്തിയ വകയിൽ 45,698 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഉൾപ്പെടെ 70,698 രൂപയും ഇതിന്റെ 12 ശതമാനം മൂന്ന് വർഷത്തെ പലിശയിനത്തിലും നൽകാനാണ് ഉത്തരവ്.
2019-ലാണ് ഓണ്‍ലൈൻ വഴി അനസ് ഇൻഷ്വറൻസ് എടുത്തത്. ഇതിനായി 20,321 രൂപ അടയ്ക്കുകയും ചെയ്തു. പിന്നീട് നോ ക്ലെയിം ബോണസ് ഇല്ലെന്നുപറഞ്ഞ് വീണ്ടും 2008 രൂപ കൂടി അടപ്പിച്ചു. മാസങ്ങൾക്കു ശേഷം അപകടം സംഭവിച്ചതിനെത്തുടർന്നു നഷ്ടപരിഹാരത്തിന് ശ്രമിച്ചെങ്കിലും നൽകാൻ ഇൻഷ്വറൻസ് കന്പനി തയാറായില്ല. ഇതോടെയാണ് സി.കെ. വിദ്യാസാഗർ ആൻഡ് അസോസിയേറ്റ്സിലെ അഡ്വ. സജീവ് മുണ്ടമറ്റം വഴി കോടതിയിൽ പരാതി നൽകിയതും അനുകൂല വിധി സന്പാദിച്ചതും. ഇടുക്കി കണ്‍സ്യൂമർ കോടതി പ്രസിഡന്റ് സി. സന്തോഷ്കുമാർ, അംഗങ്ങളായ പി. ആശാമോൾ, കെ.എസ്. അന്പാടി എന്നിവരടങ്ങുന്ന ബഞ്ചാണ് ഉത്തരവ് പറപ്പെടുവിച്ചത്.