വന്യമൃഗങ്ങളും വനപാലകരും ജീവിതം ദുസഹമാക്കുന്നു: കർഷക യൂണിയൻ-എം
1296512
Monday, May 22, 2023 10:31 PM IST
തൊടുപുഴ: നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളും വനപാലകരും ചേർന്ന് മനുഷ്യജീവിതം ദുസഹമാക്കുകയാണെന്ന് കർഷക യൂണിയൻ-എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്കരിക്കുക, അപകടകാരികളായ വന്യജീവികളെ കൊല്ലാൻ കർഷകർക്ക് തോക്ക് ലൈസൻസ് അനുവദിക്കുക, കണമലയിലും ചടയമംഗലത്തും കർഷകരെ കൊലപ്പെടുത്തിയ കാട്ടു പോത്തുകളെ വെടിവച്ചു കൊല്ലുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വനംവകുപ്പ് ഓഫീസുകൾക്കു മുന്നിലേക്ക് കർഷക യൂണിയൻ-എം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴ മുട്ടത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ശത്രുതാ മനോഭാവത്തോടെ കാണുന്ന വനംവകുപ്പ് അധികൃതരുടെ കർഷകദ്രോഹ നടപടികൾക്കെതിരേ നിയമ നടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
പ്രതിഷേധ മാർച്ച് കേരള കോണ്ഗ്രസ്-എം ഉന്നതാധികാര സമിതി അംഗം പ്രഫ. കെ.ഐ. ആന്റണി ഫ്ളാഗ് ഓഫ് ചെയ്തു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബിജു ഐക്കര അധ്യക്ഷത വഹിച്ചു. പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ മുഖ്യപ്രഭാഷണം നടത്തി. അഗസ്റ്റിൻ വട്ടക്കുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരികാട്ട്, തങ്കച്ചൻ മരോട്ടിമൂട്ടിൽ, ജെഫിൻ കൊടുവേലി, അനീഷ് കടുകൻമാക്കൽ, ജോസി വേളാച്ചേരി, ജോസ് പെരിയിലകാട്ട്, ജോസ് പാറപ്പുറം, തോമസ് കിഴക്കേപറന്പിൽ, സിനി തോമസ് എന്നിവർ പ്രസംഗിച്ചു.