വ്യാപാരികളില്‍നിന്നു ഭീമമായ പിഴ ഈടാക്കുന്നതായി പരാതി
1282895
Friday, March 31, 2023 10:56 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ മാലിന്യനിര്‍മാര്‍ജനത്തിന്റെ പേരില്‍ ടൗണിലെ വ്യാപാരികളില്‍നിന്നു ഭീമമായ പിഴ ഈടാക്കുന്നതായി മര്‍ച്ചന്റ്സ് അസോസിയേഷന് ആരോപിച്ചു. കഴിഞ്ഞ ദിവസം ടൗണിലെ വഴിയോരത്ത് പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവ ഇട്ടതായി കാണിച്ച് നെടുങ്കണ്ടത്തെ ഒരു ഫുട് വെയര്‍ സ്ഥാപനത്തിന് 10,000 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിതകര്‍മ സേനയ്ക്ക് കൈമാറാതെ വഴിയോരത്ത് ഇട്ടെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.
വേസ്റ്റ് ബിന്നുകള്‍ ഇല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ വേസ്റ്റുകള്‍ വഴിയോരത്ത് ചാക്കില്‍ കെട്ടി വയ്ക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരം വച്ച മാലിന്യങ്ങള്‍ ഒരു സ്ഥാപനത്തിന്റേതാണെന്നു ചൂണ്ടിക്കാട്ടിയാണ് 10,000 രൂപ സ്ഥാപനത്തിനു പിഴ ചുമത്തിയത്. ഇതു ചെറുകിട വ്യാപാരികളെ മുഴുവന്‍ കഷ്ടത്തിലാക്കുന്ന നടപടിയാണെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ജെയിംസ് മാത്യു പറഞ്ഞു.
കടകളുടെ മുമ്പിലും റോഡരികിലും രാത്രിയിൽ മറ്റുപ്രദേശങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ ഇടുന്നതിന് വ്യാപാരികളെ ശിക്ഷിക്കുന്ന നടപടിയാണു പഞ്ചായത്ത് സ്വീകരിക്കുന്നത്. മാലിന്യം ഇട്ടതായി കാണിച്ച് 10,000 മുതല്‍ 15,000 വരെയാണ് പിഴ ഈടാക്കുന്നത്. പഞ്ചായത്തിന് കീഴിലുള്ള ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും വ്യാപാരികള്‍ പറഞ്ഞു.
വന്‍ തുക വ്യാപാരികളില്‍നിന്നു ഈടാക്കുന്നുണ്ടെങ്കിലും പല വ്യാപാരികള്‍ക്കും ഇവരുടെ സേവനം ലഭ്യമാകുന്നില്ലെന്നു മര്‍ച്ചന്റ്സ് അസോസിയേഷന് ആരോപിച്ചു.