താലൂക്ക് തല അദാലത്ത്: ഇന്നു മുതൽ പരാതി സമർപ്പിക്കാം
1282891
Friday, March 31, 2023 10:56 PM IST
ഇടുക്കി: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും എന്ന പേരിൽ താലൂക്ക് തല അദാലത്തുകൾ സംഘടിപ്പിക്കും. ജനങ്ങൾക്ക് ഇന്നു മുതൽ അപേക്ഷകൾ നൽകാം. www.karuthal.kerala.gov.in എന്ന പോർട്ടൽ വഴിയും അക്ഷയ സെന്ററുകൾ മുഖേനയും പരാതിയും അപേക്ഷയും നൽകാം. ഇന്നു മുതൽ പത്തു വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ താലൂക്ക് ഓഫീസുകളിൽ നേരിട്ടും പരാതി സ്വീകരിക്കും.
അദാലത്തിൽ പങ്കെടുക്കുന്നതിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അറിയിപ്പ് നൽകും. അദാലത്ത് സംബന്ധിച്ച വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിന് താലൂക്ക് ഓഫീസുകളിൽ അന്വേഷണ കൗണ്ടറുകൾ പ്രവർത്തിക്കും. അദാലത്ത് തിയതികൾ പിന്നീട് അറിയിക്കും.
ഇടുക്കി, തൊടുപുഴ, പീരുമേട്, ഉടുന്പൻചോല, ദേവികുളം താലൂക്കുകളിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്തുകൾ നടത്തുന്നത്. അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം തുടങ്ങി ഭൂമിസംബന്ധമായ പരാതികൾ അദാലത്തിൽ പരിഗണിക്കും. സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, തണ്ണീർത്തട സംരക്ഷണം, വീട്, വസ്തു, ലൈഫ് പദ്ധതി, വിവാഹം, പഠനസഹായം മുതലായ ക്ഷേമപദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും അദാലത്തിൽ തീർപ്പാക്കും.
പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സമൂഹിക സുരക്ഷാ പെൻഷൻ കുടിശിക ലഭിക്കൽ, പെൻഷൻ എന്നിവയും പരിശോധിക്കും. പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്കരണം, തെരുവുനായ ശല്യവും സംരക്ഷണവും, തെരുവ് വിളക്കുകൾ, അപകടനിലയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നത്, അതിർത്തി തർക്കം, വഴി തടസപ്പെടുത്തൽ, വയോജന സംരക്ഷണം, കെട്ടിടനിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയും അദാലത്തിൽ ഉന്നയിക്കാം. പൊതു ജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ്, വന്യജീവി ആക്രമണങ്ങളിൽനിന്നുള്ള സംരക്ഷണം, അതിനുള്ള നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പ് സംബന്ധിച്ച അപേക്ഷകൾ, പരാതികൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, സഹായം, കൃഷിനാശത്തിനുള്ള സഹായം, കാർഷികവിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷ്വറൻസ് തുടങ്ങിയവയാണ് മറ്റു വിഷയങ്ങൾ.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുടെ വിഷയങ്ങൾ, ആശുപത്രികളിലെ മരുന്നുക്ഷാമം, ശാരീരിക, മാനസിക, ബുദ്ധിവൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങിയ പരാതികളും അപേക്ഷകളും അദാലത്തിൽ പരിഗണിക്കും.