ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണപ്പിരിവ്
1282600
Thursday, March 30, 2023 10:35 PM IST
നെടുങ്കണ്ടം: ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ കമ്പംമെട്ടിലും കരുണാപുരത്തും പണപ്പിരിവ് നടത്തുന്നതായി പരാതി. പിരിവുസംഘത്തെ കണ്ടെത്തിയാൽ അറിയിക്കണമെന്ന് കമ്പംമെട്ട് പോലീസ് അറിയിച്ചു.
വാഹനത്തിൽ ട്രസ്റ്റിന്റെ ബാനറുമായി എത്തുന്ന സംഘം പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനാണ് പണപ്പിരിവെന്നാണു വീടുകളിൽ പറയുന്നത്. നിരവധിപ്പേർ ഇവർക്ക് സാമ്പത്തിക സഹായം നൽകി.
എന്നാൽ, പണം നൽകാത്തവരെ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് പരാതി ഉയർന്നത്.
കഴിഞ്ഞ മാസം മേഖലയിൽ കൊറോണ രോഗപരിശോധനയെന്ന പേരിൽ രക്തം ശേഖരിക്കാൻ ശ്രമം നടന്നിരുന്നു. സംശയം തോന്നി നാട്ടുകാർ സംഘടിച്ചതോടെ സംഘം മുങ്ങി. ഇതിനു ശേഷമാണ് പുതിയ സംഘത്തിന്റെ വരവ്.
ഒരു മാസം മുന്പ് കരുണാപുരം പഞ്ചായത്ത് അഞ്ചാം വാർഡിൽ അമ്മാവൻപടിയിലാണ് കൊറോണ രോഗപരിശോധനയുടെ ഭാഗമെന്ന പേരിൽ രക്തസാംപിൾ ശേഖരിക്കാൻ അജ്ഞാതസംഘം എത്തിയത്.
നിരവധി വീടുകളിൽ എത്തിയ സംഘം വീട്ടുകാരുടെ രക്തം ശേഖരിക്കാനാണ് ശ്രമം നടത്തിയത്. നാട്ടുകാർ ആരോഗ്യവകുപ്പിനെയും കരുണാപുരം പഞ്ചായത്ത് അധികൃതരെയും വാർഡ് മെംബറെയും വിവരം അറിയിച്ചതിനു പിന്നാലെ അജ്ഞാതസംഘം മുങ്ങി.
ഇതിനുശേഷം ഇതേയാളുകൾ പഴയ വസ്ത്രങ്ങൾ ശേഖരിക്കാനെന്ന പേരിൽ ചില വീടുകളിൽ എത്തി. നാട്ടുകാർ ചോദ്യംചെയ്തതോടെ തന്ത്രപരമായി ഇവർ ഇവിടെനിന്നു രക്ഷപ്പെട്ടു. രക്തപരിശോധനാ വിവരം പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് വിശദീകരണവുമായി രംഗത്തെത്തയിരുന്നു.
ഇപ്പോൾ സംഘം വീണ്ടുമെത്തി പണപ്പിരിവ് ആരംഭിച്ചതോടെ സംശയം ഉയർന്ന സാഹചര്യത്തിലാണ് പിരിവുകാർ എത്തിയാൽ സ്റ്റേഷനിൽ അറിയക്കണമെന്ന നിർദേശം കമ്പംമെട്ട് പൊലീസ് നാട്ടുകാർക്ക് നൽകിയത്.