അവിശ്വാസം പരാജയപ്പെടുത്താൻ എൽഡിഎഫ് അവിശുദ്ധ മാർഗങ്ങൾ സ്വീകരിക്കുന്നെന്ന്
1279086
Sunday, March 19, 2023 10:18 PM IST
അടിമാലി: അടിമാലി പഞ്ചായത്ത് പ്രസിഡന്റിനെതിരേ നൽകിയിട്ടുള്ള അവിശ്വാസ പ്രമേയം പരാജയപ്പെടുത്താൻ അവിശുദ്ധ മാർഗങ്ങളാണ് എൽഡിഎഫ് സ്വീകരിക്കുന്നതെന്ന് യുഡിഎഫ് നേതാക്കളായ ബാബു പി. കുര്യാക്കോസ്, ബഷീർ പഴന്പിള്ളിത്താഴം, ടി.എസ്. സിദ്ദിഖ്, ദീപ രാജീവ് എന്നിവർ ആരോപിച്ചു.
സിഡിഎസ് അംഗത്തെ, ഏഴാം വാർഡ് അംഗം അനസ് ഇബ്രഹിം ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായുള്ള പരാതി ഇതിനുദാഹരണമാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അനസിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ നാലിന് പഞ്ചായത്ത് ടൗണ്‍ ഹാളിൽ 80 ലേറെ പേർ പങ്കെടുത്ത യോഗത്തിലാണ് അധിക്ഷേപം നടന്നതായുള്ള പരാതി ഉയർന്നത്. 14നാണ് അടിമാലി പോലീസിൽ പരാതി നൽകിയത്.
യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് സ്റ്റേഷനിൽ എത്തി മൊഴി നൽകാൻ തയാറായെങ്കിലും ഇത് സ്വീകരിക്കാൻ അടിമാലി സ്റ്റേഷനിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥൻ തയാറായില്ല.
പഞ്ചായത്ത് പ്രസിഡന്റിനെതിരേ യുഡിഎഫ് കൊണ്ടുവന്നിട്ടുള്ള അവിശ്വാസ പ്രമേയം 25 നാണ് ചർച്ചയ്ക്കെടുക്കുന്നത്. അനസിനെ കള്ളക്കേസിൽ കുടുക്കി വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാതെ യുഡിഎഫ് അംഗബലം കുറയ്ക്കുക എന്ന വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണ് ഇതിനു പിന്നിലുള്ളത്.
പട്ടികജാതി-വർഗ വിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള വകുപ്പ് ദുർവിനിയോഗമാണ് അടിമാലിയിൽ നടന്നിട്ടുള്ളത്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.