സ്വകാര്യ വ്യക്തികൾ കൈയേറിയ ഭൂമി റവന്യു വകുപ്പ് ഒഴിപ്പിച്ചു
1279082
Sunday, March 19, 2023 10:18 PM IST
രാജകുമാരി: കൈയേറ്റങ്ങൾകൊണ്ട് വിവാദഭൂമിയായി മാറിയ ചിന്നക്കനാലിലെ കൈയേറ്റം പൂര്‍ണമായി ഒഴിപ്പിച്ചു. ആദിവാസി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 13 ഏക്കർ സ്ഥലമാണ് റവന്യുവകുപ്പ് ഏറ്റെടുത്തത്.
എല്‍സി മത്തായി കൂനംമാക്കല്‍, പാല്‍രാജ് മകൻ പി. ജയപാൽ എന്നിവര്‍ കൈയേറി കൈവശപ്പെടുത്തിയ ചിന്നക്കനാല്‍ താവളത്തിലെ ബ്ലോക്ക് നമ്പര്‍ എട്ടിൽപെട്ട റീ സര്‍വേ നമ്പര്‍ 178ല്‍ ഉള്‍പ്പെട്ട പതിമൂന്ന് ഏക്കറോളം ഭൂമിയാണ് ഒഴിപ്പിച്ച് റവന്യുവകുപ്പ് ബോർഡ് സ്ഥാപിച്ചത്.
മുമ്പ് കൈയേറ്റത്തിനെതിരേ നടപടിയുമായെത്തിയ റവന്യു വകുപ്പിനെതിരേ കൈയേറ്റക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, റവന്യു രേഖകളുടെ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ സ്ഥലം റവന്യു ഭൂമിയാണെന്നും ആദിവാസികള്‍ക്കു വിതരണത്തിനായി മാറ്റിയിട്ടിരിക്കുന്നതാണെന്നും വ്യക്തമായ സാഹചര്യത്തിലാണ് കൈയേറ്റം ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
സ്ഥലം കൈയേറി കൃഷി നടത്തിയ ഭൂമി കൈയേറ്റക്കാർ സ്വകാര്യവ്യക്തികൾക്ക് പാട്ടത്തിനു നൽകിയിരിക്കുകയായിരുന്നു.
ഉടുമ്പൻചോല എൽആർ തഹസിൽദാർ സീമ ജോസഫ്, ഡെപ്യൂട്ടി തഹസിൽദാർ മാരായ ഹാരിസ് ഇബ്രാഹിം, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുത്തത്.
ഭൂസംരക്ഷണ സേനയ്ക്കൊപ്പം പോലീസ്, വനംവകുപ്പ് എന്നിവരുടെ സഹായത്തോടെയാണ് സർക്കാർഭൂമി തിരിച്ചു പിടിച്ചത്.