വെട്ടിക്കാട്ടുമുക്ക് സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടികളെത്തി
1591357
Saturday, September 13, 2025 7:25 AM IST
തലയോലപ്പറമ്പ്: വെട്ടിക്കാട്ട് മുക്ക് സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വിൽപ്പന ആരംഭിക്കുന്നു. ഒന്നര വർഷത്തിനു ശേഷമാണ് വെട്ടിക്കാട്ടുമുക്ക് ഡിപ്പോയിൽ തേക്കുതടികളുടെ ചില്ലറ വിൽപ്പന പുനരാരംഭിക്കുന്നത്.
അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസ് തേക്ക് പ്ലാന്റേഷനിൽനിന്നുള്ള 82 തേക്കുതടികളാണ് വിൽപനയ്ക്കായി എത്തിച്ചിരിക്കുന്നത്.71 വർഷം വളർച്ചയുള്ള ഈ തേക്കുതടികൾക്ക് വെള്ളയുണ്ടാകില്ലെന്നതാണു പ്രത്യേകത.
ഹോൾസെയിൽ വിൽപ്പന നടക്കാറുണ്ടായിരുന്നെങ്കിലും വൻകിടക്കാർ പങ്കെടുക്കുന്ന ഇ-ലേലത്തിൽ സാധാരണക്കാർക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ചില്ലറ വിൽപന ആരംഭിക്കണമെന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത് .
ചില്ലറവിൽപ്പന പ്രകാരം അഞ്ച് ക്യുബിക് മീറ്റർ (എകദേശം 35.3 ക്യുബിക് അടി ) തേക്ക് തടികൾ വീടുപണിക്കായി 19 മുതൽ മൂന്നു മാസത്തേക്ക് സ്റ്റോക്ക് തീരുന്നതുവരെ ലഭ്യമാണ്.
ഇതിനുവേണ്ടി ആവശ്യക്കാർ ബന്ധപ്പെട്ട ലോക്കൽ ബോഡി അംഗീകരിച്ച ബിൽഡിംഗ് പ്ലാൻ, പെർമിറ്റ്, തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കിയാൽ തടികൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഡിപ്പോ ഓഫീസർ വി.ആർ. നിഷാന്ത് അറിയിച്ചു. നമ്പർ: 8547601572.