പെരുന്ന മന്നം നഗര്‍ വാര്‍ഡിനോട് അവഗണന : വീടുകളിലെ ലൈറ്റുകളണച്ച് മെഴുകുതിരി തെളിച്ച് പ്രതിഷേധം
1591359
Saturday, September 13, 2025 7:25 AM IST
ചങ്ങനാശേരി: പെരുന്ന മന്നം നഗര്‍ മേഖലയോടു നഗരസഭ കാണിക്കുന്ന അവഗണനക്കെതിരേ മന്നം നഗര്‍ റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല തെളിച്ചു. മേഖലയിലെ താറുമാറായ റോഡുകള്‍ നന്നാക്കാത്തതിലും വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാത്തതിലും പ്രതിഷേധിച്ചാണ് ജ്വാല തെളിച്ചത്.
ഇതുസംബന്ധിച്ച് നിരന്തരമായി നിവേദനങ്ങളും പരാതികളും നല്‍കിയിട്ടും ഒരു പരിഹാര നടപടികളും ഉണ്ടായിട്ടില്ലെന്നും അനുവദിച്ച റോഡ് വര്‍ക്കുകള്‍പോലും നടത്തിയില്ലെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ചെയര്‍പേഴ്സണ്‍ പ്രതിനിധാനം ചെയ്യുന്ന ഇരുപതാം വാര്‍ഡിലായിരുന്നു സമരപരിപാടി.
കഴിഞ്ഞദിവസം രാത്രി ഏഴുമുതല്‍ പത്തു മിനിറ്റ് മന്നം നഗര്‍ മേഖലയിലെ എല്ലാ വീടുകളിലേയും ലൈറ്റുകളണച്ച് മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം. അസോസിയേഷന് ഓഫീസിനു മുമ്പില്‍ ചേര്‍ന്ന യോഗത്തില്‍ അസോസിയേഷന് പ്രസിഡന്റ് രാജീവ് മേച്ചേരി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി നാരായണന് നായര്‍ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി മുരളീധരന് ശാന്തി ഭവന്, രാമചന്ദ്രന് പോറ്റി ഗൗരീശം, വിനോദ് കുമാര്‍ അട്ടിയില്‍, അനില്‍കുമാര്‍ ശരവണ ഭവന്, അജിത്കുമാര്‍ തോട്ടത്തില്‍, ചന്ദ്രസേനന് നായര്‍ ശോഭാ വിഹാര്‍ എന്നിവര്‍ പ്രസംഗിച്ചു.