കെഇ ട്രോഫി വോളി: ആദ്യജയം എസ്ഡിവിക്ക്
1591348
Saturday, September 13, 2025 7:11 AM IST
മാന്നാനം: മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആതിഥേയത്വത്തിൽ നടത്തുന്ന കെഇ ട്രോഫി അഖിലേന്ത്യാ ഇന്റർസ്കൂൾ വോളിബോൾ ടൂർണമെന്റിൽ തൃശൂർ പേരാമംഗലം എസ്ഡിവി ഹയർ സെക്കൻഡറി സ്കൂളിന് ആദ്യ ജയം. കോഴിക്കോട് മുക്കം കെഎസ്എസ് സ്കൂളിനെ പരാജയപ്പെടുത്തിയാണ് വിജയം. (സ്കോർ: 25-26, 25-17, 25-15).
കെഇ ട്രോഫിക്കു വേണ്ടിയുള്ള വോളിബോൾ, ബാസ്കറ്റ്ബോൾ ടൂർണമെന്റുകളുടെ ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബോൾ താരം ജോ പോൾ അഞ്ചേരി നിർവഹിച്ചു. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു.
കെഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി സിഎംഐ ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ സ്ഥാപക പ്രിൻസിപ്പൽ ഫാ. ഫിലിപ്പ് പഴയകരി സിഎംഐ, 1999ൽ കെഇ ട്രോഫി ടൂർണമെന്റിന് തുടക്കംകുറിച്ച പ്രിൻസിപ്പൽ ഫാ. മാത്യു അറേക്കളം സിഎംഐ എന്നിവരെ ആദരിച്ചു.
കെഇ റെസിഡന്റ്സ് പ്രീഫെക്ട് ഫാ. ഷൈജു സേവ്യർ സിഎംഐ, ബർസാർ ഫാ. ബിബിൻ ഒറ്റത്താങ്കൽ സിഎംഐ, ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, പഞ്ചായത്ത് മെംബർ ഷാജി ജോസഫ്, പിടിഎ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ്, വൈസ് പ്രസിഡന്റ് ഇന്ദു പി. നായർ തുടങ്ങിയവർ പ്രസംഗിച്ചു.
ബാസ്കറ്റ്ബോൾ മത്സരങ്ങളുടെ ഫൈനൽ നാളെയും വോളിബോൾ ഫൈനൽ 15നും നടക്കും.