കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്ക് റിക്കാര്‍ഡ് കളക്ഷന്‍
1591153
Saturday, September 13, 2025 1:28 AM IST
കോട്ടയം: ഓണാവധിക്കു ശേഷമുള്ള തിരക്കില്‍ റിക്കാര്‍ഡ് വരുമാനം നേടി ജില്ലയിലെ കെഎസ്ആര്‍ടിസി ഡിപ്പോകള്‍. ജില്ലയിലെ ഏഴു ഡിപ്പോകളും പ്രതീക്ഷിച്ചതിനേക്കാള്‍ 30 ശതമാനം അധിക വരുമാനം നേടി. കോട്ടയം ഡിപ്പോയാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടി ഒന്നാമതെത്തിയത്.
ഓണവധിക്കു ശേഷം കഴിഞ്ഞ എട്ടാം തീയതി ടാര്‍ഗറ്റ് നല്‍കിയാണ് പ്രവര്‍ത്തിച്ചത്. കോട്ടയം ഡിപ്പോയ്ക്ക് 16,89,000 രൂപയായിരുന്നു കളക്ഷന്‍ ടാര്‍ഗറ്റ്. ലഭിച്ചതാകട്ടെ 22,06,542 രൂപയും. പാലാ-19,60,083, ചങ്ങനാശേരി- 11,03,498, വൈക്കം-10,11,119, പൊന്‍കുന്നം-7,93,365, ഈരാറ്റുപേട്ട- 7,38,156, എരുമേലി-5,51,316 എന്നിങ്ങനെയായിരുന്നു കളക്ഷന്‍.
ദീർഘദൂര
ബസുകൾക്കും നേട്ടം
കോട്ടയത്തുനിന്ന് ബംഗളൂരുവിലേക്കുള്ള പുതിയ എസി സ്ലീപ്പര്‍ ബസിനും ദീര്‍ഘദൂര സര്‍വീസുകള്‍ക്കും റിക്കാര്‍ഡ് കളക്ഷനാണ് ലഭിച്ചത്. കെഎസ്ആര്‍ടിസിയുടെ പുതിയ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ വിവിധ ഡിപ്പോകളില്‍നിന്നു സര്‍വീസുകള്‍ ആംരഭിച്ചു. കോട്ടയം ഡിപ്പോയ്ക്ക് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്താന്‍ രണ്ട് എസി ബസുകളാണ് ലഭിച്ചിരിക്കുന്നത്.
പുതുതായി ലിങ്ക് ബസ് ഉഴവൂര്‍, തൊടുപുഴ വഴി ബൈസന്വാലിക്കാണ് സര്‍വീസ് നടത്തുന്നത്. പുതിയ രണ്ടു സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍കൂടി എത്തുന്നുണ്ട്. ഇത് കൊന്നക്കാടിനുള്ള മലബാര്‍ സര്‍വീസിനായി ഉപയോഗിക്കും. പുതുതായി എത്തുന്ന ലിങ്ക് ബസ് കുമളിക്ക് സര്‍വീസ് നടത്തും.
പാലാ ഡിപ്പോയ്ക്ക് ലഭിച്ച ബസ് മൈസൂരുവിലേക്കാണ് സ്പെഷല്‍ സര്‍വീസ് നടത്തിയത്. സ്പെഷല്‍ സര്‍വീസ് അവസാനിച്ചതോടെ തിരുവാമ്പാടിക്കു സര്‍വീസ് നടത്തും. ഈരാറ്റുപേട്ടയ്ക്കു ലഭിച്ച പുതിയ ഫാസ്റ്റ് ബസ് കോയമ്പത്തൂരിലേക്കാണ് സര്‍വീസ് നടത്തുന്നത്. പുതിയ ബസുകള്‍ക്ക് യാത്രക്കാര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വൈക്കം, പൊന്‍കുന്നം, ഡിപ്പോകള്‍ക്കും പുതിയ ബസ് ഉടനെത്തും.