കാർഷികോത്സവത്തിന് സമാപനം; വീണ്ടും കൃഷിഭൂമിയിലേക്ക്
1591119
Friday, September 12, 2025 11:31 PM IST
മരങ്ങാട്ടുപിള്ളി: കാർഷിക മേഖലയോട് ആവേശം കുറയുന്നുവെന്ന കാഴ്ചപ്പാടുകൾ അടിസ്ഥാനരഹിതമെന്നു തെളിയിച്ച് പഞ്ചായത്തിലെ കാർഷികോത്സവത്തിന് സമാപനം. വേറിട്ട മത്സരങ്ങളും കൃഷി അറിവുകളും സമ്മാനിച്ച കാർഷികോത്സവം ഏറെ പുതുമകൾ നിറഞ്ഞതായിരുന്നു. പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള മത്സരങ്ങളും പരിപാടികളുമായിരുന്നു ഏറെയും. സാംസ്കാരിക ഘോഷയാത്രയും സമാപന സമ്മേളനവും സംഘാടക മികവിന്റെ തെളിവായി മാറി.
മോൻസ് ജോസഫ് എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ സമിതി അംഗം സന്തോഷ് ജോർജ് കുളങ്ങര, ഫാ. ജോസഫ് തൈയ്യിൽ, ജില്ലാ പഞ്ചായത്ത് മെംബർ പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോൺസൺ പുളിക്കീൽ, സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. തോമസ്, റോബിൻ കല്ലോലിൽ, കൃഷി ഓഫീസർ മനു കൃഷ്ണൻ, നിഷ മേരി സിറിയക്, ലെൻസി തോമസ്, മിനി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാതല കാർഷിക ക്വിസ് മത്സരാർഥകളാൽ സമ്പന്നമായിരുന്നു. വിജയികൾക്ക് കോട്ടയം ജില്ലാ കൃഷി ഓഫീസർ ജോ ജോസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ. വിമൽ ശർമ ക്വിസിന് നേതൃത്വം നൽകി. ഉത്പാദനോപാധികളുടെ വിതരണോദ്ഘാടനം കുമരകം കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോ-ഓർഡിനേറ്റർ ആൻഡ് ഹെഡ് ഡോ. ജയലക്ഷ്മി നിർവഹിച്ചു. ആർഎടിടിസി ഡെപ്യൂട്ടി ഡയറക്ടർ ജോ പൈനാപ്പള്ളി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.