മൂടാതെ കിടന്ന ഓടയിൽ വീണ് വീട്ടമ്മയ്ക്കു പരിക്ക്
1591123
Friday, September 12, 2025 11:31 PM IST
പാലാ: തിരക്കേറിയ കിടങ്ങൂര്‍-പാദുവ റോഡ് സ്വകാര്യ മൊബൈല്‍ കമ്പനിക്കാര് കേബിളിടാൻ കുത്തിപ്പൊളിച്ചിട്ട് മാസങ്ങള്‍. ദുരിതം പേറി നാട്ടുകാര്‍.
മാന്താടിക്കവല മുതല്‍ പാദുവവരെയുള്ള മൂന്നു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡിന്റെ വശം വെട്ടിപ്പൊളിച്ച് മാസങ്ങള്‍ക്കു മുമ്പ് കേബിളിടീല് ആരംഭിച്ചത്. ചിലേടങ്ങളില്‍ മെഷീന് ഉപയോഗിച്ചായിരുന്നു കേബിളിട്ടത്. എന്നാല്‍, പാറ മൂലം ഇതു ഭൂരിഭാഗം സ്ഥലത്തും സാധ്യമായില്ല. ഇതോടെ തൊഴിലാളികളെ ഉപയോഗിച്ച് ടാറിംഗ് ഉള്‍പ്പടെ വെട്ടിപ്പൊളിച്ചായിരുന്നു കുഴി തീര്‍ത്തത്.
കുഴിച്ച കുഴിയിൽ
കുഴി നിര്‍മിച്ച ശേഷം ആഴ്ചകള്‍ കഴിഞ്ഞാണ് ഇവിടെ കേബിളിട്ടത്. കേബിൾ ഇട്ട ശേഷം പൂര്‍ണമായി മൂടാതെ പിന്നീടും ആഴ്ചകള്‍ പിന്നിട്ടു.
ഇതിനിടെ, കുഴിക്കു താഴ്ച കുറവാണെന്നു പറഞ്ഞ് ഇതിനു മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തുടങ്ങി. പലപ്പോഴായി കുറെ ഭാഗം ചെയ്തെങ്കിലും ഇതു പൂര്‍ണമാക്കിയിട്ടില്ല.
പലേടത്തും ഓടയ്ക്കു മുകളില്‍ അശാസ്ത്രീയമായി ഇട്ട കോണ്‍ക്രീറ്റ് റോഡിനരികിൽ മൂന്ന് ഇഞ്ച് വരെ ഉയരത്തില്‍ കട്ടിംഗായി നില്‍ക്കുകയാണ്. യാതൊരു മാനദണ്ഡവും പാലിക്കാതെ വെറുതെ ഓടയ്ക്കു മുകളില്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചു കോണ്‍ക്രീറ്റ് ഇട്ട് പോവുക മാത്രമാണ് ചെയ്തതെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. റോഡ് വക്കില്‍ ഉയര്‍ന്നു നില്ക്കുന്ന കോണ്‍ക്രീറ്റ് കട്ടിംഗ് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ടയര്‍ കോണ്‍ക്രീറ്റ് കട്ടിംഗില്‍ ഇടിച്ചു പഞ്ചറാവാനും ഇരുചക്രവാഹനങ്ങള്‍ ഇതില്‍ കയറി അപകടത്തില്‍പ്പെടാനും സാധ്യത ഏറെ.
രണ്ടു മാസം
രണ്ടു മാസം മുമ്പു രണ്ടു വീടുകള്‍ക്കു മുന്നില്‍ നീളത്തില്‍ തുറന്നിട്ട ഓട ഇതുവരെ കോണ്‍ക്രീറ്റ് ചെയ്തിട്ടില്ല. ഒരു വീട്ടമ്മയ്ക്കു ഓടയില്‍ വീണു പരിക്കേല്‍ക്കുകയും ചെയ്തു.
ഇവിടെയും കിടങ്ങൂര്‍ ശിവപുരം ക്ഷേത്രത്തിന് മുന്നിലും ബസ് സ്റ്റോപ്പ് കൂടിയാണ്. പലതവണ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോടടക്കം നാട്ടുകാര്‍ പരാതി പറഞ്ഞെങ്കിലും കേബിള്‍ കരാറുകാര്‍ തോന്നിയപോലെ പ്രവര്‍ത്തിക്കുകയാണന്നു നാട്ടുകാര്‍ ആരോപിക്കുന്നു. വകുപ്പുമന്ത്രിക്കടക്കം പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.