കുറവിലങ്ങാട് പള്ളിയിൽ ഇന്ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിന്
1591374
Saturday, September 13, 2025 11:31 PM IST
കുറവിലങ്ങാട്: വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർഥിക്കാൻ ഇന്ന് കുറവിലങ്ങാട് പള്ളിയിൽ അവസരം. വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനോടനുബന്ധിച്ചാണ് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് തിരുശേഷിപ്പ് പുറത്തെടുത്ത് പ്രതിഷ്ഠിക്കുന്നത്. ഇന്ന് മൂന്നുമുതൽ ആരാധന. 4.25ന് തിരുശേഷിപ്പ് തിരികെ പ്രതിഷ്ഠിക്കും. 4.30ന് വിശുദ്ധ കുർബാന. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിൽ പ്രാർഥനാ ശുശ്രൂഷകൾ നടത്തും.
വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സ്വന്തമായുള്ള അത്യപൂർവം ദേവാലയങ്ങളിൽ ഒന്നാണ് കുറവിലങ്ങാട് തീർഥാടന പള്ളി. ജോസഫ് കരിയാറ്റി മല്പാന്റെയും പാറേമ്മാക്കൽ ഗോവർണദോരുടെയും റോമായാത്രയ്ക്ക് നൽകിയ പിന്തുണയ്ക്കുള്ള നന്ദിയെന്നോണമാണ് പാറേമ്മാക്കൽ ഗോവർണദോർ കുറവിലങ്ങാട് പള്ളിക്ക് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സമ്മാനിച്ചത്. അക്കാലത്ത് പള്ളി വികാരിയായിരുന്ന പനങ്കുഴയ്ക്കൽ കുര്യേപ്പ് കത്തനാർക്ക് സമ്മാനിച്ച വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പള്ളിയുടെ നിക്ഷേപമുറിയിൽ സൂക്ഷിക്കുകയായിരുന്നു.
പള്ളി നവീകരണത്തോടെ തിരുശേഷിപ്പ് പള്ളിയുടെ വടക്കേ സൈഡ് അൾത്താരയിലാണ് പൂജ്യമായി പ്രതിഷ്ഠിച്ചിട്ടുള്ളത്.