ആർദ്രകേരളം പുരസ്കാരം: വാഴൂരും കാണക്കാരിയും വെളിയന്നൂരും ജേതാക്കൾ
1591351
Saturday, September 13, 2025 7:25 AM IST
കുറവിലങ്ങാട്: ആരോഗ്യ മേഖലയിൽ 2023-24 വർഷം മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഗ്രാമപഞ്ചായത്തുകൾക്കുള്ള ആർദ്ര കേരളം പുരസ്കാരത്തിൽ കോട്ടയം ജില്ലാതല ജേതാക്കളായി വാഴൂരും കാണക്കാരിയും വെളിയന്നൂരും. ഒന്നാം സ്ഥാനം നേടിയ വാഴൂരിന് അഞ്ചു ലക്ഷം രൂപ പുരസ്കാരം ലഭിക്കും. കാണക്കാരിക്കു മൂന്നു ലക്ഷം രൂപയും വെളിയന്നൂരിനു രണ്ടു ലക്ഷം രൂപയും ലഭിക്കും.
ഈ പഞ്ചായത്തുകൾ ആരോഗ്യ മേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, കായകൽപ് സ്കോർ, ഹെൽത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാനമായും അവാർഡിനായി പരിഗണിച്ചത്. പ്രതിരോധ കുത്തിവയ്പ്, വാർഡുതല പ്രവർത്തനങ്ങൾ, പ്രാദേശിക ആരോഗ്യ ആവശ്യങ്ങൾക്കനുസൃതമായ നൂതന ഇടപെടലുകൾ, സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം,
ജീവിതശൈലീ ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കൽ, മോഡേൺ മെഡിസിൻ, ആയുർവേദ-ഹോമിയോ മേഖലകളിലുള്ള ദേശീയ-സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് എന്നിവയും വിലയിരുത്തിയതിൽ ജില്ലയിൽ മുന്നേറ്റം നടത്താൻ വാഴൂരിനും കാണക്കാരിക്കും വെളിയന്നൂരിനും കഴിഞ്ഞു.