ഉഴവൂർ കോളജിൽ ഇന്റർ കൊളീജിയറ്റ് വോളി, ഫുട്ബോൾ, ബാഡ്മിന്റൺ മത്സരങ്ങൾ
1591120
Friday, September 12, 2025 11:31 PM IST
ഉഴവൂർ: സെന്റ് സ്റ്റീഫൻസ് കോളജിൽ 15 മുതൽ 19 വരെ തീയതികളിലായി ഇന്റർ കൊളീജിയറ്റ് വോളിബോൾ, ഫുട്ബോൾ, ബാഡ്മിന്റൺ മത്സരങ്ങൾ നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ. കെ.സി തോമസ് , ടൂർണമെന്റ് കൺവീനർ ക്യാപ്റ്റൻ ജെയ്സ് കുര്യൻ, സെക്രട്ടറി ഡോ. മാത്യൂസ് ഏബ്രഹാം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനം 15ന് ഒൻപതിന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. മാനേജർ ഫാ. ഏബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിക്കും.
35-മത് ബിഷപ്പ് തറയിൽ മെമ്മോറിയൽ പുരുഷ വോളിബോൾ, 34-ാമത് സിസ്റ്റർ ഗോരേത്തി മെമ്മോറിയൽ വനിതാ വോളിബോൾ, 18-ാമത് ബിഷപ് കുന്നശേരി പൗരോഹിത്യ സുവർണ ജൂബിലി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ്, പത്താമത് ഗോൾഡൻ ജൂബിലി മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് എന്നിവയാണ് നടക്കുന്നത്.
മുൻ ദേശീയ വോളിബോൾ താരവും പൂർവവിദ്യാർഥിയുമായ എസ്.എ. മധു, പാലാ നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ, പാലാ ഡിവൈഎസ്പി പി. സദൻ എന്നിവർ വിവിധ ദിവസങ്ങളിൽ അതിഥികളായി പങ്കെടുക്കും.