വാഴപ്പള്ളി ഗവ. വിഎച്ച്എസ്എസ് മൈതാനം കാടുകയറി; വിഷപ്പാന്പുകളുടെ താവളം
1591358
Saturday, September 13, 2025 7:25 AM IST
ചങ്ങനാശേരി: വാഴപ്പള്ളി ഗവൺമെന്റ് വൊക്കഷണല് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനം കാടുകയറിയ നിലയില്‍. വിദൂരസ്ഥലങ്ങളില്‍നിന്നുപോലും ഈ മൈതാനത്ത് മാലിന്യം തള്ളുന്നു. കാടുമൂടിക്കിടക്കുന്ന ഈ സ്ഥലം കണ്ടാല്‍ വനത്തിന്റെ പ്രതീതിയാണ്. തെരുവുനായ്ക്കള്‍ പെറ്റുപെരുകിയ ഇവിടം ഇവറ്റകളുടെ വിഹാര കേന്ദ്രമാണ്. വിഷപ്പാമ്പുകളുടെ താവളംകൂടിയാണിവിടം. സാമൂഹ്യവിരുദ്ധരുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്.
കുറ്റിച്ചെടികള്ക്കൊപ്പം മൈതാനത്തിന്റെ ഒരു ഭാഗത്ത് നെല്‍ച്ചെടികള്‍ കതിരണിഞ്ഞ കാഴ്ച കൗതുകകരമാണ്. നഗരസഭയുടെ ഒന്നാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നതെങ്കില്‍ ഏകദേശം ഇരൂനൂറ് മീറ്റര്‍ അകലെ 36-ാം വാര്‍ഡിലാണ് ഈ മൈതാനം. 2010ല്‍ ചങ്ങനാശേരി നഗരസഭാ ജനകീയാസൂത്രണ പദ്ധതി പ്രകാരം നവീകരണം നടത്തിയിരുന്നു.
കഴിഞ്ഞദിവസം സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന കായികദിനാചരണം ലയണ്‍സ് ക്ലബ് ഗ്രൗണ്ടിലാണ് നടത്തിയത്. മഴക്കാലത്ത് ഈ സ്ഥലത്ത് വെള്ളക്കെട്ടുണ്ടാകുന്നതും പതിവാണ്.
തോട്ടായിപ്പള്ളി ജനാര്ദനന് എന്നയാള്‍ വര്‍ഷങ്ങള്‍ക്കുമുമ്പു സ്കൂളിന് സൗജന്യമായി നല്കിയ സ്ഥലമാണിത്.
കരപ്രദേശവും ചതുപ്പുമായി ഒരേക്കറിലധികം സ്ഥലമാണുള്ളത്. മിക്കവര്‍ഷങ്ങളിലും നഗരസഭ ഹരിതകര്‍മ സേനയെക്കൊണ്ട് ഈ സ്ഥലത്തെ കാട് വെട്ടിത്തെളിക്കാറുണ്ടെങ്കിലും വീണ്ടും വളര്ന്നുകയറുകയാണ് പതിവ്. മൈതാനത്തിന്റെ സ്ഥലം കാടുപിടിച്ചു കിടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുന്നില്ലെന്നു മാത്രമല്ല സമീവാസികള്ക്കും ദുരിതമായി മാറുകയാണ് ചെയ്യുന്നത്.
കൊയ്ത്തുകാലത്ത് സമീപ പാടശേഖരങ്ങളിലെ നെല്ല് ചാക്കുകള്‍ ഈ സ്ഥലത്തെത്തിച്ചാണ് ലോറിയില്‍ കയറ്റിക്കൊണ്ടു പോകുന്നത്. അപ്പോള്‍ ഇവിടെ വീണ നെല്ലാണ് ചെടികളായി വളർന്ന് ഇപ്പോള്‍ കതിരണിഞ്ഞു നില്‍ക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ഉപകാരപ്പെടുന്ന മൈതാനമാക്കണം
ഈ മൈതാനത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കോയിപ്രം സ്കൂളിലെ വിദ്യാര്‍ഥികളുടെ കായിക പ്രോത്സാഹനത്തിനൊപ്പം കോയിപ്രം, വാഴപ്പള്ളി കണ്ണേപേരൂര്, കുറ്റിശേരിക്കടവ് ഭാഗങ്ങളിലുള്ള കായികമ്രേികള്ക്കും ഗുണകരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനുള്ള പ്രോജക്ട് നഗരസഭ വിഭാവനം ചെയ്യണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്.
അമ്പതു ലക്ഷത്തിന്റെ പദ്ധതി പരിഗണനയില്‍
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കായിക പ്രേമികള്‍ക്കും ഉപകരിക്കത്തക്കവിധം അമ്പത് ലക്ഷം രൂപയുടെ പദ്ധതി മൈതാനത്തിനായി ആവിഷ്കരിച്ചുവരികയാണ്. എസ്റ്റിമേറ്റ് എടുത്ത് തുടര്‍നടപടികളിലേക്കു നീങ്ങും.
സ്മിതാ സുനില്‍
നഗരസഭ ഒന്നാംവാര്‍ഡ്
കൗണ്‍സിലര്‍
കായികവകുപ്പുമായി ചേര്‍ന്നുള്ള പദ്ധതി
നഗരസഭയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന കായിക വകുപ്പുമായി ചേര്‍ന്ന മൈതാനത്തിന്റെ വികസനത്തിനു വേണ്ടിയുള്ള പദ്ധതിയാണ് ആലോചനയിലുള്ളത്.
ആര്. ശിവകുമാര്‍
36-ാം വാര്‍ഡ് കൗണ്‍സിലര്‍.