മൂന്നരവയസുകാരി എസ്തേര്‍ ഇന്ന് വേമ്പനാട്ടു കായല്‍ നീന്തിക്കടക്കും
1591347
Saturday, September 13, 2025 7:11 AM IST
ചിങ്ങവനം: ഗിന്നസ് റെക്കോര്‍ഡ് കൈപ്പിടിയില്‍ ഒതുക്കാന്‍ മൂന്നരവയസുകാരി എസ്തേര്‍ ഇന്ന് വേമ്പനാട്ടു കായലില്‍ നീന്തും. ജീവന് രക്ഷാ സ്വിമ്മിംഗ് അക്കാദമിയും എമെര്‍ജിംഗ് വൈക്കവും ചേര്‍ന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എത്തിപ്പിടിക്കാനുള്ള ശ്രമത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അങ്കണവാടി കുട്ടിയായ ചിന്നു എന്നു വിളിക്കുന്ന കൊച്ചുമിടുക്കി എസ്തേറും.
വൈക്കം ബോട്ട് ജെട്ടിക്കു സമീപം വേമ്പനാട്ട് കായലിലാണ് ലോക റിക്കാര്‍ഡിലേക്ക് നീന്തിക്കയറുന്നതിനുള്ള പ്രകടനം നടക്കുന്നത്. ഇതിന്റെ ഭാഗമായി അഞ്ചുകിലോമീറ്റര്‍ ദീര്‍ഘദൂര നീന്തലാണ് എസ്തേര്‍ നടത്തുന്നത്.
കഴിഞ്ഞമാസം കൊല്ലത്തു വച്ചു നടന്ന ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് അഷ്ടമുടിക്കായല്‍ നീന്തിക്കടന്ന വീഡിയോ ഒരു കോടിയിലധികം ആളുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ കണ്ടുകഴിഞ്ഞത്.
ഫ്രീഡം ഫെസ്റ്റില്‍ ബെസ്റ്റ് സ്വിമ്മര്‍ അവാര്‍ഡ് കരസ്ഥമാക്കിയാണ് എസ്തേര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ശ്രമത്തിനായി വേമ്പനാട്ട് കായലില്‍ ഇറങ്ങുന്നത്.
ചിങ്ങവനം സ്വദേശികളായ കൃഷ്ണകുമാര്‍ - ക്രിസ്റ്റീന ദമ്പതികളുടെ മകളാണ്. ഒരു വയസുള്ള സഹോദരന് എസ്രയും ഉണ്ട്. കുമ്മനം മീനച്ചിലാറിലെ ജീവന് രക്ഷാ അക്കാദമിയിലാണ് പരിശീലനം. അക്കാദമിയിലെ ഗ്രാന്‍ഡ് മാസ്റ്ററും തുറമുഖ വകുപ്പിനു കീഴിലുള്ള റെസ്ക്യൂ ടീം ലീഡറുമായ അബ്ദുള്‍ കലാം ആസാദാണ് പരിശീലകന്.