ഓണപ്പൂവസന്തവുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്
1574633
Thursday, July 10, 2025 7:16 AM IST
പൊൻകുന്നം: ഓണത്തിന് പൂക്കളമൊരുക്കാൻ ആവശ്യമായ പൂക്കൾ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഓണപ്പൂവസന്തം പുഷ്പകൃഷി പദ്ധതിയുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്.
2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടേകാൽ ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 50 കർഷക ഗ്രൂപ്പുകൾ വഴിയാണ് ബന്ദിപ്പൂ (ചെണ്ടുമല്ലി) കൃഷി നടത്തുന്നത്. തൈകൾ നട്ട് 45-ാം ദിവസം മുതൽ പൂവിട്ടു തുടങ്ങും. ഒരു ചെടിയിൽനിന്നു മൂന്നുമുതൽ നാലു കിലോ വരെ പൂക്കൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ബന്ദിപ്പൂക്കളാണ് കൃഷി ചെയ്യുന്നത്.
പൊൻകുന്നം ഗവ. വിഎച്ച്എസ്എസിൽ നടന്ന ബ്ലോക്ക്തല പുഷ്പകൃഷിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി നിർവഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, മിനി സേതുനാഥ്,
ലതാ ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, ശ്രീലത സന്തോഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിമി ഇബ്രാഹിം, സ്കൂൾ പ്രിൻസിപ്പൽ എം.എച്ച്. നിയാസ്, ഹെഡ്മിസ്ട്രസ് എം.സി. രജനി, പിടിഎ പ്രസിഡന്റ് പി.ജി. ജനീവ് എന്നിവർ പ്രസംഗിച്ചു.