വേളാങ്കണ്ണി ട്രെയിനിന് ഇനി ആധുനിക കോച്ചുകള്‍
1574409
Wednesday, July 9, 2025 11:58 PM IST
കോട്ടയം: എറണാകുളത്തുനിന്നു കോട്ടയം വഴി വേളാങ്കണ്ണിയിലേക്കു പോകുന്ന ട്രെയിനിന് ആധുനിക കോച്ചുകള്‍ അനുവദിച്ചു. ജര്‍മന്‍ സാങ്കേതികവിദ്യയിലൂടെ റെയില്‍വേ കോച്ച് ഫാക്ടറി വികസിപ്പിച്ച എല്‍എച്ച്ബി പോര്‍ച്ചുഗല്‍ കോച്ച് ഉപയോഗിച്ചാണ് ഇനിമുതല്‍ വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. നിലവിലുള്ള കോച്ചുകളേക്കാള്‍ കൂടുതല്‍ സൗകര്യങ്ങളുള്ളതാണ് ഈ കോച്ചുകള്‍.
ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഒരു കോച്ചിന്റെ മുകളിലേക്ക് മറ്റൊരു കോച്ച് കയറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം അപകടങ്ങള്‍ ഈ കോച്ചുകളില്‍ താരതമ്യേന കുറവാണ് ഉണ്ടാകുന്നത്.
മാത്രവുമല്ല യാത്രക്കാര്‍ക്ക് അപകടം സംഭവിക്കുവാനുള്ള സാധ്യതകളും വിരളമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായം. കാലപ്പഴക്കം വന്ന വേളാങ്കണ്ണി ട്രെയിനിന്റെ കോച്ചുകള്‍ മാറ്റണമെന്നു ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ റെയില്‍വേ മന്ത്രിയോട് നിരന്തരമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കോച്ചുകള്‍ അനുവദിച്ചിട്ടുള്ളത്.
കന്നി യാത്രയില്‍ കോട്ടയത്ത് എത്തിയ ട്രെയിനിന് ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ സ്വീകരണം നൽകി. സ്റ്റേഷന് മാനേജര്‍ പി.ജി. വിജയകുമാര്‍, ഡെപ്യൂട്ടി സ്റ്റേഷന് മാസ്റ്റര്‍ മാത്യു ജോസഫ്, ട്രാന്സ്പോര്ട്ടേഷന് ഇന്‍സ്പെക്ടര്‍ ജോ പ്രവീണ്‍ എന്നിവര്‍ സംബന്ധിച്ചു. ആഴ്ചയില്‍ തിങ്കളാഴ്ചയും ശനിയാഴ്ചയുമായി രണ്ട് സര്‍വീസാണു വേളാങ്കണ്ണിക്കുള്ളത്. എറണാകുളത്തുനിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയത്തും പിറ്റേദിവസം രാവിലെ 5.40നു വേളാങ്കണ്ണിയിലും എത്തിച്ചേരും. അന്നുതന്നെ വൈകുന്നേരം 6.40നു തിരിച്ചുപോരുന്ന ട്രെയിന്‍ രാവിലെ 10.10ന് കോട്ടയത്ത് എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.