പെരുവ-പിറവം റോഡ് ഗതാഗതയോഗ്യമാക്കണം
1574378
Wednesday, July 9, 2025 7:26 AM IST
കടുത്തുരുത്തി: മുളക്കുളം പഞ്ചായത്തെന്ന് കേട്ടാല്‍ ആദ്യം ഓര്‍മയിലെത്തുക പെരുവ ടൗണാണ്. ചെറുതെങ്കിലും ഗ്രാമീണമേഖലയായ മുളക്കുളത്തിന്റെ ടൗണാണ് പെരുവ. പഞ്ചായത്ത് ഓഫീസ്, ബാങ്കുകള്‍, പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്കൂളുകള്‍ എല്ലാം പെരുവയിലും കവലയ്ക്ക് സമീപത്തുമായാണ് സ്ഥിതിചെയ്യുന്നത്.
പെരുവ കവലയില്‍നിന്ന് പിറവത്തേക്കും ഇലഞ്ഞിവഴി കൂത്താട്ടുകുളത്തിനും തലയോലപ്പറമ്പിനും കടുത്തുരുത്തിക്കും പോകാം. പെരുവയില്‍നിന്ന് പിറവത്തേക്കുള്ള വഴി തകര്ച്ചയിലായിട്ടു കാലങ്ങളായി. പെരുവ-പിറവം റോഡ് നന്നാക്കാന്‍ തുടങ്ങിയിട്ടും അത്രതന്നെകാലങ്ങളായി.
തകര്‍ന്ന റോഡിലെ കുഴിയിലൂടെയും പാതിനിര്‍മിച്ച ഭാഗങ്ങളിലൂടെയുമുള്ള അപകടയാത്രയാണ് നികുതിദായകരായ ജനങ്ങളിപ്പോഴും നടത്തുന്നതെന്നുമാത്രം. കവല കഴിഞ്ഞുള്ള ഒന്നരക്കിലോമീറ്റര്‍ ദൂരമാണ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്നത്.
പെരുവ-പിറവം റോഡ്
പെരുവ മുതല്‍ വടുകുന്നപ്പുഴ ശിവന്പടിവരെയുള്ള ഭാഗം റോഡ് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. പെരുവയിലെ രണ്ടു പ്രധാനപ്പെട്ട ഗവണ്മെന്റ് സ്കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ പോകുന്ന വഴിയാണ് നടന്നുപോലും പോകാന്‍ പറ്റാത്തവിധം തകര്‍ന്നു കിടക്കുന്നത്. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്ന് വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരും പറയുന്നു.
സ്കൂള്‍ തുറക്കുന്നതിനു മുമ്പ് ബോയ്സ് സ്കൂളിന് മുന്‍വശം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മണ്ണിട്ട് നികത്തിയെങ്കിലും അത് വീണ്ടും കുഴിയായി മാറിയിരിക്കുകയാണ്. ദിവസവും ബസുകളും സ്കൂള്‍ വാഹനങ്ങളും ഉൾപ്പെടെ നൂറു കണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന വഴിയില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്.
ഗേള്‍സ് സ്കൂളിന് മുന്‍വശമുള്ള കുഴികളിൽ വാഹനങ്ങള്‍ വന്നുവീഴുന്നത് കാണുമ്പോള്‍ നെഞ്ചത്ത് കൈ വച്ചുപോകും. ശിവന്പടി മുതല്‍ മുതിരക്കാല വളവിനു സമീപംവരെ റോഡ് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇരുവശവും മണ്ണിട്ട് ഉയര്‍ത്താത്തത് അപകടഭീഷണിയാകുന്നു. മുതിരക്കാല വളവ് മുതല്‍ മുളക്കുളം അമ്പലപ്പടിവരെയുള്ള ഭാഗവും തകര്‍ന്ന നിലയിലാണ്.
റീബില്‍ഡ് കേരള പദ്ധതി റോഡ് നിര്‍മാണം
പെരുവ മുതല്‍ എറണാകുളം ജില്ലയിലെ പെരുവംമൂഴി വരെയുള്ള 21 കിലോമീറ്റര്‍ റോഡ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടന്നുവരികയായിരുന്നു. 2021 ജൂലൈയിലാണ് നിര്‍മാണം തുടങ്ങയത്. 2023 ജൂലൈയില്‍ തീരേണ്ടതായിരുന്നു റോഡ് നിര്‍മാണം. 2023 ഡിസംബര്‍വരെ കാലാവധി നീട്ടി നല്‍കിയെങ്കിലും നിര്‍മാണം പൂര്‍ത്തിയായില്ല.
ഈ പദ്ധതിവഴി നന്നാക്കാന്‍ ഉള്‍പ്പെടുത്തിയിരുന്ന കോട്ടയം ജില്ലയിലെ സ്ഥലങ്ങളാണ് തകര്‍ന്നത്. 97 കോടിയുടെ പദ്ധതിയായിരുന്നു. കെഎസ്ടിപി മൂവാറ്റുപുഴ ഡിവിഷനായിരുന്നു നിര്‍മാണച്ചുമതല. ആദ്യഘട്ടം നിര്‍മാണം നടത്തിയ കരാര്‍ കമ്പനി പാതിവഴിയില്‍ നിര്‍മാണം ഉപേക്ഷിച്ചുപോയതോടെ റോഡും തകര്‍ന്നു കിടക്കുകയാണ്. എത്രയും വേഗം ഈ റോഡിലെ അറ്റകുറ്റപ്പണിയെങ്കിലും നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഹൈക്കോടതി ഇടപെടല്‍
കരാര്‍ കാലാവധി അവസാനിച്ച പെരുവ-പിറവം-പെരുവംമുഴി റോഡിന്റെ പണികള്‍ പുര്‍ത്തിയാക്കണമെന്നും തകര്‍ന്നു കിടക്കുന്ന പെരുവ -പിറവം റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ മുളക്കുളം സ്വദേശി അഡ്വ. എന്‍.പി. സേതു ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതി എതിര്‍കക്ഷികളായ പൊതുമരാമത്ത് വകുപ്പ്, കെഎസ്ടിപി എന്നിവര്‍ക്ക് നോട്ടീസയച്ചു.
കാലാവധി കഴിഞ്ഞിട്ടും പുര്‍ത്തിയാക്കാത്ത അനാസ്ഥയുടെ കാരണം കാണിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജസ്റ്റീസ് എന്‍. നഗരേഷിന്റെ ബെഞ്ചിലാണ് കേസ് പരിഗണിച്ചത്. കേസില്‍ ഹര്‍ജിക്കാരനുവേണ്ടി അഡ്വ. ജോര്‍ജ് സെബാസ്റ്റ്യന്‍ ഹാജരായി.