മാർ അപ്രേം മെത്രാപ്പോലീത്തയുടെ വിയോഗം: നസ്രാണി മഹാസംഗമ സ്മരണയിൽ കുറവിലങ്ങാട്
1574402
Wednesday, July 9, 2025 11:58 PM IST
കുറവിലങ്ങാട്: പൗരസ്ത്യ അസീറിയൻ സഭയുടെ ഭാരതത്തിലെ അധ്യക്ഷനായി അര നൂറ്റാണ്ട് സേവനം ചെയ്ത മാർ അപ്രേം മെത്രാപ്പോലീത്ത സ്വർഗയാത്രയാകുമ്പോൾ നാടിന്റെ ഓർമകളിൽ നിറയുന്നത് കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിലുയർന്ന ഗംഭീരശബ്ദം. 2019 സെപ്റ്റംബർ ഒന്നിന് കുറവിലങ്ങാട് ആതിഥ്യമരുളിയ നസ്രാണി മഹാസംഗമത്തിന് വിവിധ ക്രൈസ്തവ സഭാമേലധ്യക്ഷന്മാർക്കൊപ്പം മാർ അപ്രേം മെത്രാപ്പോലീത്തയും പങ്കെടുത്തിരുന്നു.
സഹോദരസഭകളുടെ കൂട്ടായ മുന്നേറ്റത്തെക്കുറിച്ചായിരുന്നു മാർ അപ്രേമിന്റെ വാക്കുകൾ മുഴുവനും. മാതൃസഹോദരിയെ കുറവിലങ്ങാട് ഇടവകയിലേക്ക് വിവാഹം ചെയ്ത് അയച്ചതോടെ മൂന്നു വയസുള്ളപ്പോൾ മുതൽ കുറവിലങ്ങാടുമായി വലിയ ബന്ധമുണ്ടെന്ന് മെത്രാപ്പോലീത്ത അനുസ്മരിച്ചിരുന്നു. നാം ഒരിക്കൽ ഒന്നായിരുന്നുവെന്ന് തെളിയിക്കുന്ന സമ്മേളനമെന്നാണ് നസ്രാണി മഹാസംഗമത്തെ മാർ അപ്രേം വിശേഷിപ്പിച്ചത്.
ഒന്നായിരുന്നുവെന്ന് പ്രസംഗിക്കാൻ എളുപ്പമാണ്. ഒന്നായി പ്രവർത്തിക്കുന്നതിൽ മാതൃകയാകണം. സഭകൾ സഹകരിക്കുന്നതാണ് സഭകൾക്ക് നല്ലത്. കലഹിച്ച് ചാവണമെന്നാണ് പലരും ആഗ്രഹിക്കുന്നതെങ്കിലും സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മാർ അപ്രേം പറഞ്ഞത് ഇന്നലെയെന്ന പോലെ ഒട്ടേറെപ്പേരുടെ ചെവികളിൽ മുഴങ്ങുന്നുണ്ട്.
ഇപ്പോഴത്തെ പാലാ രൂപത മുഖ്യവികാരി ജനറാളായ മോൺ. ജോസഫ് തടത്തിൽ കുറവിലങ്ങാട് ആർച്ച്പ്രീസ്റ്റായിരിക്കെയാണ് ഇരുപതിനായിരത്തോളം പ്രതിനിധികൾ പങ്കെടുത്ത കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് കുറവിലങ്ങാട് ആതിഥ്യമരുളിയത്.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അനുസ്മരണ വാക്കുകളിലും കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിലെ മാർ അപ്രേമിന്റെ സാന്നിധ്യം പ്രത്യേകം പരാമർശിച്ചിരുന്നു.