കീം ഹൈക്കോടതി വിധി നിരാശാജനകം: കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട്
1574407
Wednesday, July 9, 2025 11:58 PM IST
പാലാ: കീം പ്രവേശന പരീക്ഷയിലെ മാര്‍ക്ക് ഏകീകരണത്തിലെ അപാകതകള്‍ പരിഹരിച്ച് പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കി പ്രസിദ്ധീകരിച്ച കീം ഫലം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധി നിരാശാജനകമാണെന്നും സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ടോബിന് കെ. അലക്സ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന സാധാരണക്കാരായ കുട്ടികള്‍ക്ക് എന്‍ജിനിയറിംഗ് കോളജ് പ്രവേശനം എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ കീം റാങ്ക് ലിസ്റ്റ് തയാറാക്കാന്‍ ഹയര്‍ സെക്കൻഡറിയുടെ 50 ശതമാനം മാര്‍ക്ക് ഉള്‍പ്പെടുത്തിയത്. ഇത് പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് വളരെയധികം പ്രയോജനം നല്‍കുന്നതായിരുന്നു.
എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷത്തെ കീം 2024 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ കേരള സിലബസില്‍ പഠിച്ചവരോട് വലിയ അനീതിയാണ് കാണിച്ചത്. ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ നടത്തിയതിലെ അപാകതമൂലം മിടുക്കരായ പല കുട്ടികള്‍ക്കും നമ്മുടെ മികച്ച എന്‍ജിനിയറിംഗ് കോളജുകളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു.
ഇത് സ്റ്റേറ്റ് കുട്ടികളുടെ അവസരം നിഷേധിക്കലാണെന്നും ഉന്നത വിദ്യാഭ്യാസരംഗത്ത് നമ്മുടെ പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ തഴയപ്പെടുന്നതിന് കാരണമാകുമെന്നും സംഘടന മുഖ്യമന്ത്രിക്കും പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്കും നല്കിയ നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.