പണിമുടക്കില്‍ ജനം വലഞ്ഞു
1574410
Wednesday, July 9, 2025 11:58 PM IST
കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ സംയുക്ത കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ജില്ലയില്‍ ജനജീവിതത്തെ ബാധിച്ചു. വിവിധയിടങ്ങളില്‍ സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകളും ടാക്സി വാഹനങ്ങളും തടഞ്ഞു.
ചങ്ങനാശേരിയില്‍ ഹെഡ്പോസ്റ്റോഫീസ് ജീവനക്കാരനു സമരാനുകൂലികളുടെ മര്‍ദനമേറ്റു. സ്വകാര്യ വാഹനങ്ങള്‍ യഥേഷ്ടം നിരത്തിലുണ്ടായിരുന്നു. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങാതെ പൂര്‍ണമായും പണിമുടക്കില്‍ പങ്കുചേര്‍ന്നു. കെഎസ്ആര്‍ടിസിയിലും പണിമുടക്ക് പൂര്‍ണമായിരുന്നു. ചില ഡിപ്പോകളില്‍ ഏതാനും സര്‍വീസുകള്‍ അയച്ചു. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു.
ജീവനക്കാരുടെ ഫെഡറേഷനുകളും പണിമുടക്കില്‍ പങ്കെടുത്തതോടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം കുറവായിരുന്നു. കളക്ടറേറ്റില്‍ ഹാജര്‍നില തീര്‍ത്തും കുറവായിരുന്നു. സ്കൂളുകളും പ്രവര്‍ത്തിച്ചില്ല. വ്യാപാരികളും പണിമുടക്കില്‍ പങ്കുചേര്‍ന്ന് തുറന്നില്ല. ചെറിയ തട്ടുകടകളും ഏതാനും കടകളും തുറന്നുപ്രവര്‍ത്തിച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിച്ചു.
പൊതുഗതാഗതം സ്തംഭിച്ചതോടെ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ വ്യാപാര മേഖല ജില്ലയില്‍ പൂര്‍ണമായും നിശ്ചലമായിരുന്നു. കര്‍ഷകരും തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തതോടെ ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, പൊതുമേഖല സ്ഥാപനങ്ങളും ഫാക്ടറികളും പണിയിടങ്ങളും സ്തംഭിച്ചു. അവശ്യ സര്‍വീസുകളായ ആശുപത്രി, പാല്, പത്രം എന്നിവയെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിരുന്നു.
പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന് ജില്ലാ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല പ്രകടനം കോട്ടയത്ത് നടന്നു. തിരുനക്കരയില്‍ ആരംഭിച്ച പ്രകടനം നഗരത്തിലെ വിവിധ ഭാഗങ്ങള്‍ ചുറ്റി തിരുനക്കര സ്വകാര്യ ബസ് സ്റ്റാന്‍ഡ് മൈതാനത്ത് അവസാനിച്ചു.
തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റ് ടി. ആര്. രഘുനാഥന് ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്കുമാര്‍ അധ്യക്ഷനായി. കെ. അനില്‍കുമാര്‍, വി.ബി. ബിനു, സി. കെ. ശശിധരന്, കെ.ആര്. അജയ്, എം.കെ. പ്രഭാകരന്, പി.ജെ. വര്‍ഗീസ്, പി.കെ. ആനന്ദക്കുട്ടന്, രാജീവ് നെല്ലിക്കുന്നേല്‍, പോള്‍സണ്‍ പീറ്റര്‍, സി.കെ. സുഹൈബ, സജീഷ് സ്കറിയ, എം.കെ. ദിലീപ്, സീമ എസ്. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം, പാമ്പാടി എന്നിവിടങ്ങളിലും പ്രദേശികതലങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മകളും നടന്നു.
പണിമുടക്ക് കാഞ്ഞിരപ്പള്ളി താലൂക്കില്‍ പൂര്‍ണമായിരുന്നു. രാവിലെ തുറന്ന ചില കടകളും ബാങ്കുകളും സമരക്കാര്‍ വന്ന് അടപ്പിച്ചു. നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി, ടാക്സി വാഹനങ്ങളും സമരക്കാര്‍ തടഞ്ഞു. കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷനില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെ വിവിധ ഓഫീസുകളിലായി 14 ജീവനക്കാര്‍ മാത്രമാണ് എത്തിയത്.
വൈക്കത്ത് പണിമുടക്ക് പൂർണമായിരുന്നു. കെഎസ്ആർടിസി,സ്വകാര്യബസുകൾ നിരത്തിലിറങ്ങിയില്ല. വൈക്കം -തവണക്കടവ്, പൂത്തോട്ട - പെരുമ്പളം ബോട്ട് സർവീസുകളും വൈക്കം - തവണക്കടവ്, നേരേകടവ് - മാക്കേക്കടവ്, ചെമ്മനാകരി - മണപ്പുറം ചങ്ങാട സർവീസും നിലച്ചു. കോവിലകത്തുംകടവ്, ചെമ്പ്, തലയോലപ്പറമ്പ് മാർക്കറ്റുകളും അടഞ്ഞുകിടന്നു.
പൊതുപണിമുടക്ക് ചങ്ങനാശേരി മേഖലയിലും പൂര്‍ണം. സ്വകാര്യവാഹനങ്ങള്‍ ഓടി. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. തുറന്നുപ്രവര്‍ത്തിച്ച ചങ്ങനാശേരി ഹെഡ്പോസ്റ്റ് ഓഫീസിലേക്കു തള്ളിക്കയറിയ സമരാനുകൂലികളും ജീവനക്കാരുമായി തര്‍ക്കമുണ്ടാകുകയും ബിജെപി അനുകൂല സംഘടനയായ ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന് ചങ്ങനാശേരി ഡിവിഷന് സെക്രട്ടറിയും പോസ്റ്റുമാനുമായ കാവാലം നാരകത്തറ സ്വദേശി വിഷ്ണു ചന്ദ്രന് മര്‍ദനമേല്‍ക്കുകയും ചെയ്തു.
ഈരാറ്റുപേട്ടയിൽ സമരാനുകൂലികൾ കെഎസ്ആർടിസി ബസും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും ആലപ്പുഴയിലേക്ക് സർവീസ് ആരംഭിച്ച ബസാണ് സെൻട്രൽ ജംഗ്ഷനിൽ തടഞ്ഞത്. കട്ടപ്പനയിൽ നിന്നും എത്തിയ ബസും നഗരത്തിൽ തടഞ്ഞു.
പാലായിൽ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില പകുതിയിലും കുറവായിരുന്നു.
കോട്ടയം സിഎംഎസ് കോളേജിന് സമീപത്തെ ഐസിഐസിഐ ബാങ്ക് സമരാനുകൂലികളെത്തി പൂട്ടിച്ചു.
കെഎസ്ആര്‍ടിസി ചുരുക്കം ചില സര്‍വീസുകള്‍ നടത്തി. തൃശൂരില്‍ നിന്നും പാലായ്ക്ക് വരികയായിരുന്ന പാലാ ഡിപ്പോയുടെ ബസിനു നേരേ മൂവാറ്റുപുഴയ്ക്ക് സമീപം പണിമുടക്ക് അനുകൂലികള്‍ കല്ലെറിഞ്ഞു. ബസിന്റെ ചില്ലുകള്‍ പൊട്ടിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്ത്തകന് മര്‍ദനമേറ്റു.