മണിമല പഞ്ചായത്തിലെ നവീകരിച്ച മേലേക്കുളം നാടിന് സമര്‍പ്പിച്ചു
1574396
Wednesday, July 9, 2025 11:58 PM IST
മണിമല: മണിമല പഞ്ചായത്തിലെ നവീകരിച്ച മേലേക്കുളം നാടിന് സമര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും മണിമല പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ അമൃത് സരോവര്‍ പദ്ധതിയില്‍ ഏഴുലക്ഷം രൂപ ചെലവഴിച്ച് പുനരുദ്ധാരണം നടത്തി ഉപയോഗയോഗ്യമാക്കിയ പൊതുകുളത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിര്‍വഹിച്ചു. കഴിഞ്ഞ പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് മൂടിപ്പോയതിനെത്തുടര്ന്ന് മാലിന്യംതള്ളൽ കേന്ദ്രമായി മാറിയിരുന്ന മേലേകുളം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയാണ് ഉപയോഗയോഗ്യമാക്കി പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്.
മരം വീണ് തകര്‍ന്ന കുളത്തിന്റെ അരികും പടികളും കെട്ടി ജിഐ പൈപ്പ് കൊണ്ടുള്ള ഫെന്‍സിംഗും നടത്തി. 86 അടി നീളവും 56 അടി വീതിയും 19 അടി ആഴവുമുള്ള കുളത്തില്‍ 15 ലക്ഷം ലിറ്ററോളം വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിറിള്‍ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയശ്രീ ഗോപിദാസ്, ഷക്കീല നസീര്‍, ടി.ജെ. മോഹനന്, കെ.എസ്. എമേഴ്സണ്‍, സാജന് കുന്നത്ത്, രത്നമ്മ രവീന്ദ്രന്, ബിഡിഒ എസ്. ഫൈസല്‍, ജോയിന്റ് ബിഡിഒ ടി.ഇ. സിയാദ്, പഞ്ചായത്തംഗങ്ങളായ റോസമ്മ ജോണ്‍, ഷാഹുല്‍ ഹമീദ്, മോളി മൈക്കിള്‍, പി.സി. ജമീമ, വ്യവസായവകുപ്പ് ഓഫീസര്‍ കെ.കെ. ഫൈസല്‍, എംജിഎന്‍ആര്‍ഇജിഎസ് ജീവനക്കാരായ രഹ്ന രമേശ്, ടോമി, സതീശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.