ദേശീയ പണിമുടക്ക് പാന്പാടിമേഖലയിൽ പൂർണം
1574617
Thursday, July 10, 2025 7:01 AM IST
പാമ്പാടി: ഇന്നലെ നടന്ന ദേശീയ പണിമുടക്ക് മണർകാട്, പുതുപ്പള്ളി, മീനടം, പാമ്പാടി, കൂരോപ്പട, വാഴൂർ തുടങ്ങിയ സ്ഥലങ്ങളിൽ പൂർണമായിരുന്നു. വ്യാപാര സ്ഥാപനങ്ങളൊന്നും തുറന്നു പ്രവർത്തിച്ചില്ല. രാവിലെ തുറന്ന ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ പണിമുടക്കനുകൂലികളെത്തി അടപ്പിച്ചു. ഒരിടത്തും ഇടപാടുകാരെത്തിയില്ല.
കൃഷിഭവൻ, എഇഒ ഓഫീസുകളൊന്നും തുറന്നില്ലെങ്കിലും പാമ്പാടി വില്ലേജ് ഓഫീസ് തുറന്നുപ്രവർത്തിച്ചു. സിപിഎം പ്രവർത്തകരെത്തി വില്ലേജ് ഓഫീസ് അടപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസെത്തി അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി.
വൈകുന്നേരം അഞ്ചുവരെ ഓഫീസ് തുറന്നിരിക്കണമെന്ന് വില്ലേജ് ഓഫീസറുടെ ചുമതലയുള്ള അസിസ്റ്റന്റിന് താക്കീതു നൽകിയാണ് സമരാനുകൂലികൾ പിരിഞ്ഞുപോയത്.
ഇരുചക്ര വാഹനങ്ങളും സ്വകാര്യ കാറുകളും നിരത്തിലിറങ്ങി. ഹോട്ടലുകളൊന്നും പ്രവർത്തിക്കാതിരുന്നതിനാൽ ടൗണുകളിലെത്തിയവർ ഭക്ഷണം കിട്ടാതെ വലഞ്ഞു.