ദേശീയ പണിമുടക്ക് പൂര്‍ണം
1574400
Wednesday, July 9, 2025 11:58 PM IST
പാലാ: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പണിമുടക്ക് പാലായിലും സമീപ പഞ്ചായത്തുകളിലും പൂര്‍ണം. ടൗണിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഗ്രാമപ്രദേശങ്ങളില്‍ ഹോട്ടലുകളും ചില കടകളും തുറന്നു പ്രവര്‍ത്തിച്ചു. സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വീസ് നടത്തി. തൊടുപുഴ, വൈക്കം, ഈരാറ്റുപേട്ട, കോട്ടയം, കാഞ്ഞിരമറ്റം തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു സര്‍വീസ് നടത്തിയത്. ഡിപ്പോയില്‍ കൂടുതല്‍ ജീവനക്കാര്‍ ഹാജരായിരുന്നെങ്കിലും യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ സര്‍വീസ് നടത്തിയില്ല.
ഗവണ്മെന്റ് ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. ഓട്ടോ ടാക്സി തൊഴിലാളികളില്‍ ബിഎംഎസ് യൂണിയൻ ഒഴിച്ച് മറ്റെല്ലാ തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായി. പാലാ ടൗണിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രകടനവും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ധര്‍ണയും നടന്നു. പാലാ ഹെഡ് പോസ്റ്റ്ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം സിബി ജോസഫ് അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഷാര്‍ളി മാത്യു, സിപിഐ മണ്ഡലം സെക്രട്ടറി പി.കെ ഷാജകുമാര്‍, കേരള കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ്, ജോസുകുട്ടി പൂവേലില്‍, കെ.എസ്. രമേശ് ബാബു, ബിജി മണ്ഡപം എന്നിവര്‍ പ്രസംഗിച്ചു.
ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട: സംയുക്ത യൂണിനുകൾ പ്രഖ്യാപിച്ച ദേശീയ പൊതുപണിമുടക്കിൽ ഈരാറ്റുപേട്ടയിലും സമീപപ്രദേശങ്ങളിലും കടകൾ അടഞ്ഞുകിടന്നു. വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കരുതെന്ന് സമരാനുകൂലികൾ നേരിട്ടെത്തി ആവശ്യപ്പെടുകയായിരുന്നു. ബാങ്കുകളും തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചില്ല.
ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ആലപ്പുഴയിലേക്ക് സർവീസ് ആരംഭിച്ച ബസ് സെൻട്രൽ ജംഗ്ഷനിൽ എത്തിയപ്പോൾ തടഞ്ഞു. കട്ടപ്പനയിൽനിന്നെത്തിയ ബസും ടൗണിൽ തടഞ്ഞു. സിപിഎം, സിഐടിയു, എഐടിയുസി പ്രവർത്തകരാണ് വാഹനങ്ങൾ തടഞ്ഞത്. പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
കുറവിലങ്ങാട്ട്
കുറവിലങ്ങാട്: വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത് പണിമുടക്ക് കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, കടപ്ലാമറ്റം പ്രദേശത്ത് പണിമുടക്ക് പൂർണം.
എംസി റോഡിൽ കുറവിലങ്ങാട് ഭാഗത്ത് കെഎസ്ആർടിസി ബസുകൾ സമരക്കാർ തടഞ്ഞു. ബാങ്കുകളടക്കം തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങൾ അടയ്ക്കണമെന്ന ആവശ്യവുമായി സമരക്കാർ സമീപിച്ചു.