ക്ഷീരവർധിനി റിവോൾവിംഗ് ഫണ്ട് വിതരണം
1574393
Wednesday, July 9, 2025 10:55 PM IST
എലിക്കുളം: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ക്ഷീരവർധിനി റിവോൾവിംഗ് ഫണ്ട് പദ്ധതിയിലൂടെ 14 ക്ഷീരസംഘങ്ങൾക്കായി 28 ലക്ഷം രൂപ വിതരണം ചെയ്യും.
ബ്ലോക്കിന്റെ പരിധിയിലെ 27 ക്ഷീരസംഘങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 14 സംഘങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ആനുകൂല്യം. ഓരോ സംഘത്തിനും രണ്ടുലക്ഷം രൂപ വീതം ലഭിക്കും. ഇവയിലെ അഞ്ച് കർഷകർക്ക് പശുവിനെ വാങ്ങുന്നതിനായി 40,000 രൂപ പലിശരഹിത വായ്പയായി നൽകും. പാൽ വിറ്റുകിട്ടുന്ന തുകയിൽനിന്ന് തവണകളായി സംഘത്തിൽ തിരിച്ചടച്ച് ആ തുക ആറാമത്തെ ക്ഷീരകർഷകന് കൊടുക്കുന്നതിലൂടെ റിവോൾവിംഗ് ഫണ്ട് സംഘത്തിലുള്ള ക്ഷീരകർഷകർക്കെല്ലാം ഗുണം ചെയ്യും. ആകെ 70 പശുക്കളെ വാങ്ങാൻ പദ്ധതിത്തുക ഉപകരിക്കുമെന്ന് ഡയറി എക്സ്റ്റൻഷൻ ഓഫീസർ എം.വി. കണ്ണൻ പറഞ്ഞു.
ഇന്ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് പദ്ധതി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.