മാലിന്യസംഭരണകേന്ദ്രം നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ രംഗത്ത്
1574625
Thursday, July 10, 2025 7:16 AM IST
പെരുവ: റേഷന്‍കടയ്ക്കും അങ്കണവാടിക്കും വീടുകള്‍ക്കും സമീപം മാലിന്യസംഭരണകേന്ദ്രം നിര്‍മിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ രംഗത്ത്. മുളക്കുളം പഞ്ചായത്തിലെ വടുകുന്നപ്പുഴയിലെ മിനി വ്യവസായ കേന്ദ്രത്തിലാണ് മാലിന്യം സംഭരിക്കാന്‍ പ്ലാന്റ് നിര്‍മിക്കുന്നത്. ഇതിനെതിരേ സമീപവാസികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും മാലിന്യങ്ങള്‍ സംഭരിക്കാന്വേണ്ടിയാണ് ഇവിടെ ബഹുനില കെട്ടിടം നിര്മിക്കാനുദേശിക്കുന്നത്. പ്ലാന്റ് നിര്‍മിക്കുന്ന സ്ഥലത്തുനിന്നു മീറ്ററുകള്‍ മാറിയാണ് പൊതുവിതരണ കേന്ദ്രവും മൃഗസംരക്ഷണ വകുപ്പിന്റെ സബ്സെന്ററും പ്രവര്‍ത്തിക്കുന്നത്.
ഇവിടെനിന്ന് 25 മീറ്റര്‍ മാറി അങ്കണവാടിയും നൂറു മീറ്റര്‍ ദൂരത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സബ് സെന്ററും പ്രവര്‍ത്തിക്കുന്നു. കൂടാതെ യുവജനങ്ങള്‍ ഷട്ടില്‍ കളിക്കുന്ന കോര്‍ട്ടും ഇവിടെയാണ് സ്ഥിതിചെയ്യുന്നുത്. ഇതിനു ചുറ്റുമായി നിരവധി വീടുകളും കിണറുകളുമുണ്ട്. ദിവസവും നൂറുകണക്കിന് ആളുകളാണ് ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്. കൂടാതെ ചെല്ലാനിരപ്പ് ഭാഗത്തേക്ക് സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാരും ഇതുവഴിയാണ് കടന്നുപോകുന്നത്.
ഇപ്പോള്‍ ഇവിടെ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ വീടുകളില്‍നിന്നും ഹരിതകര്‍മസേന സംഭരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ചാക്കുകളിലാക്കി സൂക്ഷിച്ചിരിക്കുന്നത്. ഇതു മഴയും വെയിലുമേറ്റ് ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുകന്ന സ്ഥിതിയിലാണ്. പുതിയതായി നിര്‍മിക്കുന്ന മാലിന്യസംഭരണ പ്ലാന്റ് ഇവിടെനിന്നു മാറ്റിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.