വൈക്കത്ത് ദേശീയ പണിമുടക്ക് പൂർണം
1574624
Thursday, July 10, 2025 7:16 AM IST
വൈക്കം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയനുകളും സർക്കാർ ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തിയ ദേശീയ പണിമുടക്ക് വൈക്കത്ത് പൂർണം.
സിവിൽ സ്റ്റേഷനിലെ ഉൾപ്പെടെ സർക്കാർ ഓഫീസുകളിൽ ജീവനക്കാർ എത്താത്തതിനെത്തുടർന്ന് സർക്കാർ ഓഫീസുകൾ തുറന്നു പ്രവർത്തിച്ചില്ല. സ്കൂളുകളും കോളജുകളും വ്യാപാരശാലകളും ചന്തകളും പെട്രോൾ പമ്പുകളും അടഞ്ഞുകിടന്നു. എന്നാൽ, ആശുപത്രികളുടെയും മരുന്നുകടകളുടെയും പ്രവർത്തനങ്ങൾക്ക് തടസമുണ്ടായില്ല.
കെഎസ്ആർടിസി- സ്വകാര്യ ബസുകളും ഓട്ടോ ടാക്സികളും പണിമുടക്കി. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വൈക്കം തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരേ നഗരത്തിൽ പ്രകടനവും ബിഎസ്എൻഎൽ ഓഫീസ് മാർച്ചും നടത്തി.
ദേവസ്വം ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച മാർച്ച് ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ ചേർന്ന പ്രതിഷേധ സമരം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ഗണേശൻ ഉദ്ഘാടനം ചെയ്തു.
എ ഐ ടിയുസി നേതാവ് പി. സുഗതൻ അധ്യക്ഷത വഹിച്ചു. ടി.എൻ. രമേശൻ, പി.വി. പുഷ്കരൻ, പി.എസ്. പുഷ്കരൻ, എം.എൻ. അനിൽകുമാർ, സി.പി. പ്രമോദ്, ഏബ്രഹാം പഴയകടവൻ, സി.പി. ജയരാജ്, കെ.അജിത്, ടി.ജി. ബാബു, സി.കെ. ആശ എംഎൽഎ എന്നിവർ പ്രസംഗിച്ചു.