ദേശീയ പണിമുടക്ക്: കെഎസ്ആർടിസി, ടാക്സി വാഹനങ്ങൾ തടഞ്ഞു
1574392
Wednesday, July 9, 2025 10:55 PM IST
കാഞ്ഞിരപ്പള്ളി: കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കാഞ്ഞിരപ്പള്ളി താലൂക്കിൽ പൂർണം.
കടകന്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. രാവിലെ തുറന്ന ചില കടകളും ബാങ്കുകളും സമരക്കാർ വന്ന് അടപ്പിച്ചു. നിരത്തിലിറങ്ങിയ കെഎസ്ആർടിസി, ടാക്സി വാഹനങ്ങളും സമരക്കാർ തടഞ്ഞു. ആലപ്പുഴയിൽനിന്ന് കുമളിയിലേക്ക് 25 പേരുമായി പുറപ്പെട്ട കെഎസ്ആർടിസി ബസ് പൊൻകുന്നം ആയപ്പോഴേക്കും യാത്രക്കാർ പൂർണമായി ഇറങ്ങി. പിന്നീട് കുമളിയിലേക്ക് യാത്രക്കാർ ഇല്ലാതെ സർവീസ് നടത്തിയ ഈ ബസും പിന്നാലെ യാത്രക്കാരുമായി വന്ന രണ്ട് കെഎസ്ആർടിസി ബസുകളും സമരക്കാർ തടഞ്ഞിട്ടു. പിന്നീട് ബസുകൾ വിട്ടയച്ചു.
ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ തഹസിൽദാർ ഉൾപ്പെടെ വിവിധ ഓഫീസുകളിലായി 14 ജീവനക്കാർ മാത്രമാണ് എത്തിയത്. തുറന്നു പ്രവർത്തിച്ച കുരിശുങ്കൽ ജംഗ്ഷനിലെ ഹെഡ് പോസ്റ്റ്ഓഫീസ് പ്രതിഷേധക്കാരെത്തി അടപ്പിച്ചു. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികൾ താലൂക്കിന്റെ വിവിധയിടങ്ങളിൽ പ്രകടനവും യോഗവും നടത്തി.
കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ നടത്തിയ ധർണ മുതിർന്ന സിഐടിയു നേതാവ് വി.പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, വി.പി. ഇബ്രാഹിം, പി.കെ. നസീർ, ടി.കെ. ജയൻ, കെ.എസ്. ഷാനവാസ്, കെ.എൻ. ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു.
പൊൻകുന്നത്ത്
പൊൻകുന്നം: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി പൊൻകുന്നം ടൗണിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സിഐടിയു വാഴൂർ ഏരിയാ സെക്രട്ടറി ഡി. ബൈജു ഉദ്ഘാടനം ചെയ്തു. ഐ.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പണിമുടക്കിനെത്തുടർന്ന് പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിലെ സർക്കാർ ഓഫീസുകൾ ഭൂരിഭാഗവും പ്രവർത്തിച്ചില്ല. ജോയിന്റ് ആർടി ഓഫീസ്, എക്സൈസ് ഓഫീസ് എന്നിവ മാത്രമാണ് പ്രവർത്തിച്ചത്. കെഎസ്ആർടിസി പൊൻകുന്നം ഡിപ്പോയിൽനിന്ന് ഇന്നലെ മൂന്ന് ബസുകൾ സർവീസ് നടത്തി. തിരുവനന്തപുരത്തേക്ക് ഒരു ബസും പാലാ-പൊൻകുന്നം റൂട്ടിൽ രണ്ടു ബസുമാണ് സർവീസ് നടത്തിയത്. കെകെ റോഡിൽ സർവീസുകളൊന്നുമില്ലായിരുന്നു.
എരുമേലിയിൽ
എരുമേലി: കെഎസ്ആർടിസി എരുമേലി സെന്ററിൽ ഇന്നലെ ദേശീയ പണിമുടക്ക് ദിനത്തിൽ ആകെ ഓടിയത് ഒരു ബസ്. ഇതാകട്ടെ എരുമേലി മുതൽ പൊൻകുന്നം വരെ സർവീസ് നടത്തിയ ശേഷം തിരിച്ചുവന്നു. മൊത്തം 120 ജീവനക്കാരുള്ള എരുമേലി സെന്ററിൽ ഇന്നലെ ജോലിക്ക് എത്തിയത് 14 പേർ. ഇവർ ഹാജർ ഒപ്പിട്ട് ജോലി ചെയ്യാനില്ലാതെ മടങ്ങി.
ഇന്നലെ പണിമുടക്കാതെ എല്ലാ ബസുകളും സർവീസ് നടത്തണമെന്ന ഗതാഗതമന്ത്രിയുടെ കർശന നിർദേശമുണ്ടായിരുന്നു. ഇത് മുൻനിർത്തിയാണ് പേരിന് ഒരു ബസ് സർവീസ് നടത്തിയതെന്ന് ജീവനക്കാർ പറയുന്നു. അതേസമയം യാത്രക്കാർ കുറവായതിനാൽ നഷ്ടം മൂലമാണ് സർവീസ് നടത്താതിരുന്നതെന്ന് സെന്ററിലെ ചാർജ് ഓഫീസർ പറഞ്ഞു.
ധർണ നടത്തി
കാഞ്ഞിരപ്പള്ളി: പൊതുപണിമുടക്കിന്റെ ഭാഗമായി പാറത്തോട് പോസ്റ്റ്ഓഫീസിന് മുന്പിൽ ധർണ നടത്തി. സിപിഎം പാറത്തോട് ലോക്കൽ സെക്രട്ടറി പി.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ പ്രകടനവും ധർണയും നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ. രാജേഷ് ഉദ്ഘാടനം ചെയ്തു.
കൂട്ടിക്കൽ പോസ്റ്റ്ഓഫീസിനു മുന്നിൽ നടത്തിയ ധർണ സിപിഎം കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി പി.എസ്. സജിമോൻ ഉദ്ഘാടനം ചെയ്തു. എരുമേലി പോസ്റ്റ്ഓഫീസ് പടിക്കൽ നടത്തിയ ധർണ സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം ടി.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.