മഴ മാറി മാനം തെളിഞ്ഞു : വെള്ളപ്പൊക്കദുരിതത്തില്നിന്നു കുമരകത്തിന് മോചനം അകലെ
1574614
Thursday, July 10, 2025 7:01 AM IST
കുമരകം: കുമരകം നിവാസികള്‍ക്കു വെള്ളപ്പൊക്കമെന്നത് പണ്ടു വര്‍ഷകാലത്ത് മാത്രമായെത്തുന്ന അതിഥിയായിരുന്നുവെങ്കില് ഇന്നു കുമരകത്തെ നിത്യസന്ദര്‍ശകനായ വില്ലനായി മാറിയിരിക്കുന്നു.
കുമരകത്തെ ഭൂരിഭാഗം പ്രദേശങ്ങളിലെയും ആറുകളും തോടുകളും ചെറുചാലുകളുമെല്ലാം പോളയും പുല്‍ക്കെട്ടുകളും തിങ്ങിനിറഞ്ഞും എക്കലും ചെളിയും അടിഞ്ഞും നീരൊഴുക്ക് നിലച്ചിരിക്കുന്ന അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് കുമരകത്ത് വേമ്പനാട്ട് കായലിലേക്ക് വെള്ളം ഒഴുകിപ്പോയിരുന്നതും ജല ഗതാഗതത്തിനും മറ്റും ഉപയോഗിച്ചിരുന്ന പല തോടുകളും ഇപ്പോള്‍ നാമമാത്രമായി മാറി.
പല തോടുകളും ഓടകള്‍ക്കു സമാനമായി എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ഭരണാധികാരികള്‍ക്ക് ഇതൊന്നും അറിവില്ലാത്ത കാര്യമല്ല. എന്നാൽ, ഈ ദുരിതത്തിന് ശാശ്വതപരിഹാരം കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല.
മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായാല്‍ നാല്, അഞ്ച് ദിവസങ്ങള്‍കൊണ്ട് വെള്ളം ഇറങ്ങിപ്പോകുമായിരുന്നു. കഴിഞ്ഞ രണ്ട് മൂന്നു വര്‍ഷങ്ങളായി ഈ അവസ്ഥ മാറിയിട്ടുണ്ട്. കിഴക്കന്‍ വെള്ളവും പെയ്ത്തൂ വെള്ളവും കൃത്യമായി കായലിലേക്കും തുടര്‍ന്ന് കടലിലേക്കും ഒഴുകിപ്പോകുന്നതിന് ഉണ്ടായിട്ടുള്ള തടസങ്ങള്‍ ഏറെയാണ്.
കുമരകത്തിന്റെ ഹൃദയഭാഗമായ കുമരകം മത്സ്യമാര്‍ക്കറ്റിന്റെ സമീപത്തുകൂടി ഒഴുകിയിരുന്ന തോട് ഇപ്പോള്‍ ഓടയായി മാറിക്കഴിഞ്ഞു. മുന്‍കാലങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ഈ തോട്ടിലൂടെ വള്ളത്തിലെത്തി മത്സ്യവ്യാപാരം നടത്തിയിരുന്നുവെന്നത് ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരും വിശ്വസിക്കില്ല.
മാത്രമല്ല, ഇപ്പോള്‍ ഈ തോട് കുപ്പത്തൊട്ടിയായും മാറി. ഇതുപോലെ നിരവധി തോടുകളാണു കുമരകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വീതി കുറഞ്ഞും എക്കലും ചെളിയും അടിഞ്ഞും നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്. കുമരകത്തിന്റെ പ്രവേശനകവാടമായ രണ്ടാം കലുങ്ക് തോട്, ഒന്നാം കലുങ്ക് തോട് തുടങ്ങി ഉദാഹരണങ്ങള്‍ ഏറെയാണ്.
വര്‍ഷകാല ആരംഭത്തില്‍ത്തന്നെ വെള്ളപ്പൊക്കത്തെ നേരിടേണ്ടി വരുന്ന അവസ്ഥ, ലോകത്തിലെതന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ കുമരകത്തിന്റെ പ്രശസ്തിക്കും മങ്ങലേൽപ്പിക്കുന്നു.
മികച്ച ടൂറിസം ഗ്രാമം എന്ന പദവിക്കൊപ്പം, ദുരിതം പേറുന്ന ഗ്രാമമെന്ന പദവിയും കുമരകത്തിന് അനുയോജ്യമായി തീര്‍ന്നിരിക്കുകയാണ്. തോടുകള്‍ റോഡുകള്‍ക്കായി ശോഷിച്ചതും പാലങ്ങളുടെ കാലുകളില്‍ പോളയും വലിയ പുല്‍ക്കെട്ടുകളും തങ്ങിനില്ക്കുന്നതും നീരൊഴുക്കിനെ സാരമായി ബാധിക്കുന്നു. കുമരകത്തെ പ്രധാന തോടുകളിലൊന്നായ കോട്ടത്തോട്ടില്‍ ചന്തഭാഗത്തെ പാലങ്ങളില്‍ പുല്ക്കെട്ടുകള് തങ്ങി നില്ക്കുന്നതു സ്ഥിരം കാഴ്ചയാണ്.
യാത്രാ ദുരിതം മാറാന്‍ പുതുക്കിപ്പണിയാന്‍ പൊളിച്ച കോണത്താറ്റു പാലവും ഇപ്പോള്‍ വെള്ളപ്പൊക്കദുരിതത്തിനു കാരണമാകുന്നുണ്ട്. പാലം പണിയാന്‍ നിര്‍മിച്ച താത്കാലിക ബണ്ട് ആശുപത്രി തോട്ടിലൂടെയുള്ള നീരൊഴുക്കിനെ തടസപ്പെടുത്തുന്നു. പാലം നിര്‍മാണത്തിനായി പൈലിംഗ് നടത്തിയപ്പോള്‍ ഉണ്ടായ ചെളിയും എക്കലും കോട്ടത്തോട്ടില്‍ ഒഴുകിയെത്തിയതും നീരൊഴുക്ക് നിലയ്ക്കാന്‍ പ്രധാന കാരണമാണ്.
ശ്രീനാരായണ മത്സര വള്ളംകളി നടക്കാന്‍ ഏതാനും മാസം ബാക്കിനില്‍ക്കേ എക്കലും ചെളിയും നിറഞ്ഞ് ആഴംകുറഞ്ഞ തോടിന്റെ അവസ്ഥ വള്ളംകളിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക കുമരകത്തെ ജലോത്സവപ്രേമികള്‍ പങ്കുവയ്ക്കുന്നുണ്ട്. വേമ്പനാട്ടു കായലിലും ചെറുതോടുകളിലും കൈയേറ്റം നടക്കുന്നുവെന്ന കാര്യം പലതവണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കാര്യക്ഷമമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നത്കൈയേറ്റങ്ങള് തുടരുവാന്‍ പ്രേരകമാകുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പഞ്ചായത്തും ജലസേചന വകുപ്പും മുന്‍കൈയെടുത്ത് കുമരകത്തെ തോടുകൾ പുനരുദ്ധരിച്ച് നീരൊഴുക്ക് വർധിപ്പിക്കുന്നതിലൂടെ ഗ്രാമീണ ടൂറിസം മേഖലയ്ക്കു പുത്തനുണര്‍വ് ഉണ്ടാകുന്നതോടൊപ്പം കുമരകം നിവാസികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുകയും ചെയ്യും.
വര്‍ഷകാലം പിന്‍വാങ്ങാന്‍ ഇനിയും ആഴ്ചകള്‍ ബാക്കിനില്‍ക്കവേ, വീണ്ടുമൊരു വെള്ളപ്പൊക്ക ദുരിതമനുഭവിക്കുവാന്‍ അവസര മൊരുക്കരുതേ എന്നാണ് നാട്ടുകാരുടെ അഭ്യര്‍ഥന.