പഠനത്തോടൊപ്പം സംരംഭത്തിന് തുടക്കംകുറിച്ച് വിദ്യാർഥികൾ
1574397
Wednesday, July 9, 2025 11:58 PM IST
മണിമല: പഠനത്തോടൊപ്പം സംരംഭത്തിന് തുടക്കംകുറിച്ച് വിദ്യാർഥികൾ. കറിക്കാട്ടൂർ സിസിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിഷ്ണു വിനോദ്, ബ്രിന്റോ ജോസഫ് ബിനോയി, സി. ജോനാത് മോൻ, അജിൻ സോണി എന്നിവരാണ് മെന്റർ അഞ്ജു സോവിച്ചന്റെ മേൽനോട്ടത്തിൽ പുതിയ സംരംഭത്തിന് തുടക്കംകുറിച്ചത്.
അഡ് സോഫ്റ്റ് എന്ന പേരിൽ ആരംഭിച്ച പുതിയ സംരംഭം പൊതുജനങ്ങൾക്കും വിവിധ സ്ഥാപനങ്ങൾക്കും പരസ്യ വീഡിയോകൾ നിർമിച്ചു നൽകുക, പോസ്റ്ററുകൾ നിർമിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആരംഭിക്കുന്നത്. കെ.ആർ. നാരായണൻ ഇൻസ്റ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽനിന്നു പരിശീലനം നേടിയ ശേഷമായിരിക്കും കുട്ടികൾ പുതിയ സംരംഭവുമായി രംഗത്തുവരിക.
മണിമല പഞ്ചായത്ത് പ്രസിഡന്റ് സിറിൽ തോമസ് പുതിയ സംരംഭത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്കൂൾതലത്തിൽ തുടങ്ങുന്ന ആദ്യ സ്റ്റാർട്ടപ്പാണ് അഡ് സോഫ്റ്റ് എന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
പഠനാനന്തരം തൊഴിൽ അന്വേഷകരാകാതെ തൊഴിൽദാതാക്കളാകാൻ വിദ്യാർഥികളെ പര്യാപ്തരാക്കുക എന്നതാണ് ഈ സ്റ്റാർട്ടപ്പിന്റെ പ്രഥമ ലക്ഷ്യം. പഠനത്തോടൊപ്പം കുട്ടികൾക്ക് ഒരു തൊഴിൽ പരിശീലനം കൂടിയാണ് ഈ സ്റ്റാർട്ടപ്പിലൂടെ ലഭ്യമാവുക.