മികച്ച ബാങ്കിനുള്ള സംസ്ഥാന പുരസ്കാരം പാമ്പാടി സഹകരണ ബാങ്കിന്
1574375
Wednesday, July 9, 2025 7:26 AM IST
പാമ്പാടി: മികച്ച സഹകരണ ബാങ്കിനുള്ള സംസ്ഥാന പുരസ്കാരം പാമ്പാടി സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സംസ്ഥാനത്തെ 1634 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിൽനിന്നാണ് നേട്ടം. രാജ്യാന്തര സഹകരണ ദിനത്തിൽ ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ്, സെക്രട്ടറി കെ.എസ്. അമ്പിളി എന്നിവർ മന്ത്രി വി.എൻ.വാസവനിൽനിന്ന് അവാർഡ് സ്വീകരിച്ചു.
1924 ഡിസംബർ 13നാണ് പാമ്പാടി സഹകരണ ബാങ്ക് റജിസ്റ്റർ ചെയ്തത്. ആദ്യം പരസ്പര സഹായ സ്ഥാപനമായി 76 അംഗങ്ങളും 118 രൂപ മുലധനവുമായിട്ടാണ് ആരംഭം. കുരിക്കാട് കെ.ഇ. മാത്യുവാണ് ആദ്യ പ്രസിഡന്റ്. ഒരു പ്രൈമറി സ്കൂൾ ഏറ്റെടുത്തു.
1945ന് ശേഷം അത്യാവശ്യ ഭക്ഷ്യസാധനങ്ങൾ സംഘത്തിലൂടെ വിതരണം ചെയ്തു. തുടർന്ന് മൂന്നു റേഷൻ കടകൾ ഏറ്റെടുത്തുനടത്തി. 1974ൽ സൗത്ത്പാമ്പാടിയിൽ കേന്ദ്ര ഓഫിസും പിന്നീട് പാമ്പാടി ബ്രാഞ്ച്, പാമ്പാടി പ്രഭാത -സായാഹ്ന ബ്രാഞ്ച്, ഓർവയൽ ബ്രാഞ്ച്, കങ്ങഴ ബ്രാഞ്ച് എന്നിവ തുടങ്ങി.
24,000 അംഗങ്ങളുള്ള ബാങ്കിനു കീഴിൽ അഞ്ചു വളം ഡിപ്പോകൾ, മൂന്നു നീതി സ്റ്റോറുകൾ, സബ്സിഡി നിരക്കിൽ മരുന്നുകൾ നൽകുന്ന മെഡിക്കൽ ഷോപ്, ജനസേവന കേന്ദ്രം. മാർജിൻ ഫ്രീ ഷോപ്, കാർഷിക വിപണന കേന്ദ്രം, പച്ചക്കറി റെഡി ടു കുക്ക് എന്നിവയുണ്ട്. 17 വർഷമായി 20 ശതമാനം ലാഭവീതം വിതരണം ചെയ്യുന്ന ബാങ്ക് കൂടിയാണിത്.