പെരുന്ന ഗവൺമെന്റ് എല്‍പി സ്കൂള്‍ ഞെരുക്കത്തില്‍ : എല്‍പി സ്കൂളും വനിതാ ഐടിഐയും പ്രവര്‍ത്തിക്കുന്നത് ഒരു കെട്ടിടത്തില്‍
1574632
Thursday, July 10, 2025 7:16 AM IST
ചങ്ങനാശേരി: പെരുന്ന ഗവൺമെന്റ് എല്‍പി സ്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് എല്‍പി സ്കൂളും വനിതാ ഐടിഐയും. സ്ഥലദൗര്ലഭ്യത്തില് ഇരു സ്ഥാപനങ്ങളും ഞെരുങ്ങുന്നു. ഒരു നൂറ്റാണ്ടിലധികം ചരിത്രമുള്ള സ്കൂളിനാണ് ഈ ദുര്‍ഗതി. മഴക്കാല ദുരിതം വര്‍ധിക്കുമ്പോള്‍ ഈ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നതും പതിവാണ്.
പെരുന്ന ഗവൺമെന്റ് എല്‍പി സ്കൂളില്‍ അമ്പത് വിദ്യാര്‍ഥികളും നാല് അധ്യാപകരുമാണുള്ളത്. എങ്ങും ഇടംകിട്ടാതെ വന്നതോടെയാണ് 12 വര്‍ഷംമുമ്പ് സര്‍ക്കാര്‍ അനുവദിച്ച വനിത ഐടിഐ ഈ എല്‍പി സ്കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. എംഎല്‍എയായിരുന്ന സി.എഫ്. തോമസിന്റെ ശ്രമഫലമായാണ് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഈ ഐടിഐ ചങ്ങനാശേരിയില്‍ അനുവദിച്ചത്.
സ്ഥലമില്ല, കെട്ടിടവുമില്ല; വികസനമുരടിപ്പില്‍ വനിതാ ഐടിഐ
സ്ഥലപരിമിതിയില്‍ ചങ്ങനാശേരി വനിതാ ഐടിഐ നട്ടംതിരിയുന്നു. 12 വര്‍ഷങ്ങള്‍ക്കുമുമ്പ് ചങ്ങനാശേരിയില്‍ അനുവദിച്ച കോട്ടയം ജില്ലയിലെ വനിതകള്‍ക്കായുള്ള ഏക ഐടിഐയാണ് സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതെ മുടന്തി നീങ്ങുന്നത്.
എന്‍സിവിടി അംഗീകാരമുള്ള ഡിസിവിൽ, എസ്സിവിടി അംഗീകാരമുള്ള കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ രണ്ട് ട്രേഡുകളിലെ നാല് ബാച്ചുകളിലായി നൂറോളം ട്രെയിനികളാണ് ഈ സ്ഥാപനത്തിലുള്ളത്.
എന്‍സിവിടി നോംസ് പ്രകാരം ഈ സ്ഥാപനത്തിന് ഒരേക്കര്‍ ഏഴുസെന്റ് സ്ഥലമാണ് ആവശ്യമായുള്ളത്. ഈ സ്ഥലം ചങ്ങനാശേരി നഗരസഭ നല്‍കാമെന്ന ധാരണയിലാണ് ഐടിഐ താത്കാലികമായി ഗവൺമെന്റ് എല്‍പി സ്കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
സ്ഥലം ലഭിച്ചാല്‍ വ്യാ വസായിക വകുപ്പ് കെട്ടിടം നിര്‍മിച്ചു നല്‍കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാല്‍, കാലം ഇത്രയുമായിട്ടും നഗരസഭ ഐടിഐക്ക് സ്ഥലം അനുവദിച്ചു നല്‍കിയിട്ടില്ല. ഇതുമൂലം ഈ സ്ഥാപനത്തിന്റെ വികസന സാധ്യതകളും അടഞ്ഞിരിക്കുകയാണ്.
നിവേദനം നല്‍കും
ഐടിഐക്ക് ഉചിതമായ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് അധികാരികള്‍ക്ക് നിവേദനം സമര്‍പ്പിക്കും.
ജയമോള്‍ ബി. കവിയൂര്‍
വനിതാ ഐടിഐ പിടിഎ പ്രസിഡന്റ്
സ്ഥലം കണ്ടെത്തും
വനിതാ ഐടിഐക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കും.
കൃഷ്ണകുമാരി രാജശേഖരന്
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍
വ്യവസായിക വകുപ്പ്
കെട്ടിടം നിര്‍മിച്ചു നല്‍കും
വനിതാ ഐടിഐക്ക് നഗരസഭ സ്ഥലം അനുവദിച്ചാല്‍ വ്യാവസായിക വകുപ്പ് കെട്ടിടം നിര്‍മിച്ചുനല്‍കും.
ജോബ് മൈക്കിള്‍ എംഎല്‍എ