യുഡിഎഫ് എംഎല്‍എമാര്‍ അസത്യപ്രചാരണങ്ങള്‍ നടത്തുന്നുവെന്ന്
1574374
Wednesday, July 9, 2025 7:26 AM IST
കോട്ടയം: ആരോഗ്യമന്ത്രിക്കെതിരേയും കോട്ടയം മെഡിക്കല്‍ കോളജിനെതിരേയും യുഡിഎഫ് എംഎല്‍എമാര്‍ അസത്യപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് സിപിഎം. ആരോഗ്യമന്ത്രിയുടെ രക്തം വിഷം നിറഞ്ഞതാണെന്നും അതു കുത്തിവച്ചാല്‍ ആളുകള്‍ മരിക്കുമെന്നുംവരെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പറഞ്ഞതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ ആരോപിച്ചു.
കോട്ടയം നഗരസഭയുടെ കെട്ടിടത്തില്‍നിന്ന് സ്ലാബ് ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചിരുന്നു. സംഭവത്തില്‍ പായിപ്പാട് സ്വദേശിയായ ആ മനുഷ്യനെ ഒന്നു കാണാന്‍ എംഎല്‍എയും നഗരസഭാ അധികൃതരും തയാറായില്ല, ധനസഹായം നല്‍കുകയും ചെയ്തില്ല. ഇതു യുഡിഎഫിന്റെ ഇരട്ടത്താപ്പാണ്.
യുഡിഎഫ് ഭരണകാലത്ത് കോട്ടയം മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് പൊട്ടിവീണു കോട്ടയം സ്വദേശിയായ രോഗി മരിച്ചു. ഒരു സഹായവും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തില്ല. അന്ന് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുംരാജിവച്ചില്ല.
2013-ല്‍ മെഡിക്കല്‍ കോളജിലെ 14-ാം വാര്‍ഡ് കോംപ്ലക്സ് അണ്ഫിറ്റാണെന്നു പറഞ്ഞ് യുഡിഎഫ് സര്‍ക്കാരിനു റിപ്പോര്‍ട്ട് കിട്ടിയിട്ട് സര്‍ക്കാര്‍ അനങ്ങിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷമാണു പുതിയ ശുചിമുറി നിര്‍മിച്ചത്.
കേരളത്തിലെ മെഡിക്കല്‍ കോളജ് സംവിധാനത്തെ സംരക്ഷിക്കേണ്ടതുണ്ട്. അതിന് എല്‍ഡിഎഫ് നേതൃത്വം നല്‍കുമെന്നും അനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.