കാറിൽനിന്ന് കഞ്ചാവ് പിടികൂടി
1574627
Thursday, July 10, 2025 7:16 AM IST
തലയോലപ്പറമ്പ്: യുവാക്കൾ സഞ്ചരിച്ച കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിൽനിന്നു കഞ്ചാവ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ചൊവ്വാഴ്ച രാത്രി 10.45ന് മറവൻതുരുത്ത് - ടോൾ റോഡിൽ മണിശേരി ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. കാർ ഓടിച്ചിരുന്ന ചെമ്പ് തുരുത്തുമ്മ സ്വദേശി ജിത്തുവി (25)നെതിരേയാണ് തലയോലപ്പറമ്പ് പോലീസ് കേസെടുത്തത്.
മൂന്നംഗ സംഘം കാറിൽ കോട്ടയം ഇല്ലിക്കൽക്കല്ലിൽ പോയി തിരികെ വരുന്നതിനിടെ നിയന്ത്രണം വിട്ട കാർ മുന്നിൽപ്പോയ സ്കൂട്ടറിനു പിന്നിൽ ഇടിച്ചാണ് അപകടം. തുടർന്ന് നാട്ടുകാർ ഓടിക്കുടുകയും ഇവരെ തടയുകയുമായിരുന്നു. സംഭവമറിഞ്ഞ് തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തുകയും ഇവർ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് നാട്ടുകാർ പറഞ്ഞതോടെ കാർ പരിശോധിക്കുകയുമായിരുന്നു.
കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന മൂന്നു ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. തുടർന്ന് കാറിലുണ്ടായിരുന്ന മറ്റു രണ്ടു യുവാക്കളെ പോലിസ് സ്റ്റേഷനിലേക്കു കൊണ്ടുവരികയായിരുന്നു.
വാഹനം ഓടിച്ചിരുന്ന യുവാവ്, അപകടത്തിൽ പരിക്കേറ്റയാളെ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയ ശേഷം തിരികെ എത്തിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികൻ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.