വെള്ളിലാപ്പള്ളി കണ്ണാലാത്ത് ജംഗ്ഷനില്‍ മദ്യവില്പനശാല തുടങ്ങാന്‍ നീക്കം
1574404
Wednesday, July 9, 2025 11:58 PM IST
രാമപുരം: വെള്ളിലാപ്പള്ളി കണ്ണാലത്ത് ജംഗ്ഷന് സമീപം സര്‍ക്കാര്‍ മദ്യവില്പനശാലയുടെ ഔട്ട്ലെറ്റ് തുടങ്ങാന്‍ വീണ്ടും നീക്കം തുടങ്ങി. ജനവാസ മേഖലയായ ഇവിടേക്ക് മദ്യവില്പനശാല കൊണ്ടുവരാനുള്ള അണിയറ നീക്കം സജീവമായതോടെ എതിര്‍പ്പുമായി നാട്ടുകാരും രംഗത്തെത്തി.
മൂന്നു മാസം മുമ്പ് ഇവിടെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ മദ്യ വില്പനശാല തുടങ്ങാന്‍ ആലോചന നടന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു. മദ്യശാലയ്ക്ക് സ്ഥലം കണ്ടെത്തിയ കെട്ടിടത്തിന് 50 മീറ്റര്‍ ഉള്ളിലാണ് തേവലപ്പുറം ക്ഷേത്രമുള്ളത്. ഇടുങ്ങിയതും വളവുമുള്ള റോഡാണ് നിര്‍ദ്ദിഷ്ട കെട്ടിടത്തിന്റെ മുന്നിലൂടെ കടന്നു പോകുന്നത്. ഇവിടെ മദ്യശാല തുറക്കുന്നത് റോഡിനിരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും അപകടങ്ങള്‍ ഉണ്ടാകുന്നതിനും ജനങ്ങളുടെ സ്വൈരജീവിതത്തെ സാരമായി ബാധിക്കുന്നതിനും ഇടയാക്കുമെന്ന് ജനങ്ങള്‍ ആശങ്കപ്പെടുന്നു.
പ്രദേശത്തെ ജനങ്ങളുടെ സമാധാന ജീവിതത്തെ ബാധിക്കുന്ന തീരുമാനം എടുക്കരുതെന്ന് രാമപുരം പഞ്ചായത്ത് ഭരണസമിതിക്കും സ്ഥലം എംപി, എംഎല്‍എ, എക്സൈസ് മന്ത്രി, കളക്ടര്‍, എക്സൈസ്-പോലീസ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കും പ്രദേശവാസികള്‍ ഒപ്പിട്ട നിവേദനം നല്‍കിയിട്ടുണ്ട്.
രാമപുരത്ത് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ തുടങ്ങാന്‍ സ്ഥലം കണ്ടെത്തിയിരുന്ന മദ്യവില്പനശാല ആരുടെയോ സ്വാധീനത്തിലാണ് ഇടുങ്ങിയതും അപകടസാധ്യതയുള്ളതുമായ കണ്ണലത്ത് ജംഗ്ഷനിലേക്ക് കൊണ്ടുവരുന്നതെന്നും പറയുന്നു.