പൂവത്തുംമൂട്-എൻഇഎസ് ബ്ലോക്ക് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം വേണം
1574390
Wednesday, July 9, 2025 7:39 AM IST
മാടപ്പള്ളി: പൂവത്തുംമൂട്-എൻഇഎസ് ബ്ലോക്ക് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മാടപ്പള്ളി പ്രണവം റസിഡന്റ്സ് വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് വി.ഐ. ജോഷിയും സെക്രട്ടറി പി.ഡി. രവീന്ദ്രനും ചേർന്ന് പിഡബ്ലിയുഡി എൻജിനിയർക്ക് നിവേദനം നൽകി. പത്തു വർഷങ്ങൾക്കു മുമ്പ് വളരെ മികച്ച രീതിയിൽ റീടാർ ചെയ്ത റോഡിൽ ഒരു മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകുന്നത് പതിവാണ്. ഇത് ദിവസങ്ങളോളം സഞ്ചാരത്തിന് തടസം സൃഷ്ടിക്കുന്നതായി നിവേദനത്തിൽ പറയുന്നു.
മാടപ്പള്ളി ക്ഷേത്രം, എൻഇഎസ് ബ്ലോക്ക്, സിഎസ്എൽപി, ഗവ. എൽപി, സിഎസ്, ഗുഡ്ഷെപ്പേർഡ്, സെന്റ് പീറ്റേഴ്സ്, കാർമൽ എന്നീ സ്കൂളുകളിലേക്കുള്ള വിദ്യാർഥികളും സ്കൂൾ വാഹനങ്ങൾ, സ്വകാര്യ ബസുകൾ, മറ്റു വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഈ റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്. കരിക്കണ്ടം മുതൽ വടക്കോട്ട് കേളി ജംഗ്ഷൻ വരെ ഏകദേശം 400 മീറ്റർ ഭാഗത്താണ് വെള്ളക്കെട്ടുണ്ടാകുന്നത്. റോഡിന്റെ പടിഞ്ഞാറുഭാഗത്തുകൂടി ഉണ്ടായിരുന്ന ഓട ഇല്ലാത്തതും മറ്റൊരു കാരണമാണ്.
റോഡിന്റെ ഇരുവശത്തുമുള്ള സംരക്ഷണഭിത്തി പല സ്ഥലങ്ങളിലും ഇടിഞ്ഞ നിലയിലാണ്. കരിക്കണ്ടം മുതൽ തെങ്ങണവരെയുള്ള ഓടയും അടച്ച അവസ്ഥയിലാണ്. റോഡ് സഞ്ചാരം സുഗമമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.