കെഎസ്ആര്‍ടിസി പാലാ ഡിപ്പോയുടെ പഴയ കെട്ടിടം ദുരവസ്ഥയില്‍
1574401
Wednesday, July 9, 2025 11:58 PM IST
പാലാ: കെഎസ്ആര്‍ടിസി പാലാ ഡിപ്പോയിലെ പഴയ കെട്ടിടത്തിന്റെ തൂണുകളുടെ ഉള്ളിലെ കമ്പികള്‍ ദ്രവിച്ച് അപകടാവസ്ഥയില്‍.
1976ല്‍ നിര്‍മിച്ച ഇരുനില കെട്ടിടമാണ് തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്നത്. മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നുണ്ട്. തകര്‍ച്ചയിലുള്ള കെട്ടിടത്തിനു താഴെയാണ് യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്നത്.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. അഞ്ചു കോടി രൂപ ചെലവില്‍ അയ്യായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വര്‍ഷമായിട്ടും പ്രയോജനമില്ലാതെ കിടക്കുന്നത്.
പുതിയ കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ബജറ്റില്‍ നാലു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പണി പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്കു മാറ്റുമെന്നും എടിഒ വി. അശോക് കുമാര്‍ പറഞ്ഞു.