ചെന്നാപ്പാറ ജനവാസമേഖലയിൽ വീണ്ടും പുലിയെത്തി
1574395
Wednesday, July 9, 2025 11:58 PM IST
മുണ്ടക്കയം: ചെന്നാപ്പാറ ജനവാസമേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും പുലിയെത്തി. രണ്ടു വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചു. പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറ മുകൾ ഭാഗത്താണ് ജനവാസ മേഖലയിൽ പുലി ഇറങ്ങിയത്.
തിങ്കളാഴ്ച രാത്രിയിൽ ചിറകോട് സുരേന്ദ്രന്റെ പശുവിനെ പുലി ആക്രമിച്ചു. ആക്രമണത്തിൽ പശുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച രാത്രി 10.30ന് നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിലിന്റെ വളർത്തുപോത്തിനു നേരേ പുലിയുടെ ആക്രമണമുണ്ടായത്.
പുലി ആക്രമിക്കുന്നതിനിടെ കയറുപൊട്ടിച്ച പോത്ത് ലയങ്ങളുടെ സമീപം ഓടിയെത്തി. പോത്തിന് പിന്നാലെയെത്തിയ പുലിയെ ഇതരസംസ്ഥാന തൊഴിലാളികൾ കാണുകയും ഇവർ ബഹളം ഉണ്ടാക്കിയതിനെത്തുടർന്ന് പ്രദേശവാസികൾ ഓടിക്കൂടിയപ്പോൾ പുലി ഓടിമറഞ്ഞതായും നാട്ടുകാർ പറഞ്ഞു. തുടർന്ന് വനപാലകരെത്തി പ്രദേശത്ത് തെരച്ചിൽ നടത്തി. പുലിയെ നേരിട്ടു കണ്ടതോടെ പ്രദേശവാസികൾ ഏറെ ഭീതിയിലാണ്. പുലിയുടെ സാന്നിധ്യം തുടർച്ചയായി ഉണ്ടായതിനെത്തുടർന്ന് കൂട് വയ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.