നെല്ല് സംഭരണത്തിനു വേഗത പോരാ : പാടശേഖരങ്ങളില്‍നിന്ന് നെല്ല് നീങ്ങുന്നില്ല; ആശങ്കയോടെ കര്‍ഷകര്‍
1531327
Sunday, March 9, 2025 6:30 AM IST
ചങ്ങനാശേരി: നെല്ല് സംഭരണത്തിനു വേഗത പോരാ, പാടശേഖരങ്ങളില്‍നിന്ന് നെല്ല് നീങ്ങുന്നില്ല. വേനല്‍മഴയ്ക്ക് മാനത്ത് കാറുകൊള്ളുമ്പോള്‍ കര്‍ഷകര്‍ക്ക് നെഞ്ചിടിപ്പു കൂടുന്നു. ഈ സീസണില്‍ ആദ്യം കൊയ്ത്തു തുടങ്ങിയ പാടശേഖരങ്ങളിലാണ് നെല്ല് സംഭരണത്തിന് വേഗത പോരെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. യന്ത്രം കൊയ്തുകൂട്ടിയ ഏക്കറുകണക്കിനു പാടശേഖരങ്ങളിലെ നെല്ലാണ് കൂട്ടിയിട്ടിരിക്കുന്നത്.
വാഴപ്പള്ളി കൃഷിഭവന് പരിധിയിലുള്ള മുളയ്ക്കാംതുരുത്തി പാറേക്കടവ്, തുണ്ടിക്കടവ് പാടശേഖരത്തില്‍ കര്‍ഷകര്‍ക്കാണ് ഈ ദുരവസ്ഥ. ഈരത്ര ഇഞ്ചന്‍തുരുത്ത് പാടശേഖരത്തിലെ നാല് കിന്റലോളം നെല്ലു മാത്രമേ മില്ലിലേക്കു കയറിപ്പോയിട്ടുള്ളു. ബാക്കി പാടത്ത് കൂടിക്കിടക്കുകയാണ്.
ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുകാര്‍ രണ്ടുമുതല്‍ പത്തുകിലോ വരെ കിഴിവ് ചോദിക്കുന്നതാണ് പ്രതിസന്ധിക്കു കാരണമെന്നാണ് വിവിധ പാടശേഖര സമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നത്. എത്രയും വേഗം നെല്ല് സംഭരിക്കണമെന്നാവശ്യപ്പെട്ടു നെല്‍കര്‍ഷക സംരക്ഷണ സമിതി നെല്‍ക്കൂനയ്ക്ക് മുമ്പില്‍ സമരം നടത്തി.
സമര പരിപാടികള്‍ നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് ജോസുകുട്ടി വെള്ളേക്കളം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ്, വൈസ് പ്രസിഡന്റുമാരായ ജി. വേലായുധന്, സന്തോഷ് പറമ്പിശേരി, പാപ്പച്ചന് നേര്യംപറമ്പില്‍, മാത്യൂസ് കോട്ടയം, അഭിഷേക് ബിജു, പി.ടി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
നെല്ല് സംഭരണം വേഗത്തിലാക്കണം. നെല്ല് സംഭരണത്തിനുള്ള നടപടികള്‍ ഉടന്‍ നടന്നില്ലെങ്കില്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് കോട്ടയം പാഡി ഓഫീസില്‍ സമരം നടത്തും.
ജോസുകുട്ടി വെള്ളേക്കളം,
പാപ്പച്ചന് നേര്യംപറമ്പില്‍
നെല്‍കര്‍ഷക സംരക്ഷണ
സമിതി കണ്‍വീനര്‍മാര്‍