പിറവം റോഡ് റീ ടാറിംഗ്: ഫയല്‍ ധനമന്ത്രിക്ക് കൈമാറി
1531319
Sunday, March 9, 2025 6:23 AM IST
കടുത്തുരുത്തി: പിറവം റോഡ് റീ ടാറിംഗിന് അനുമതിക്കുള്ള ഫയല്‍ ധനകാര്യ മന്ത്രിക്ക് കൈമാറി. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി വിട്ടുകൊടുത്ത കടുത്തുരുത്തി-പിറവം റോഡ് റീടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫയല്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലിന് സമര്‍പ്പിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എയാണ് അറിയിച്ചത്.
ധനകാര്യ വകുപ്പ് കഴിഞ്ഞ രണ്ട് ആഴ്ചകളിലായി നടത്തിവന്നിരുന്ന പരിശോധനാ നടപടികള്‍ പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്നാണ് ഫയല്‍ ധനകാര്യ മന്ത്രിയുടെ പക്കലെത്തിയിരിക്കുന്നത്.
ഇവിടെനിന്ന് അനുമതി ലഭിച്ചാലുടനെ പൊതുമരാമത്ത് വകുപ്പിന് ഫയല്‍ കൈമാറുന്നതും അന്തിമ അനുമതി ലഭ്യമാകുന്നതനുസരിച്ചു പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും എംഎല്‍എ അറിയിച്ചു.
കടുത്തുരുത്തി-പിറവം റോഡ് റീടാറിംഗ് നടത്താന്‍ കഴിയാത്തതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും പൊടിശല്ല്യവും കണക്കിലെടുത്ത് റോഡ് റീ ടാറിംഗിനുള്ള അനുമതി എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരെ നേരിട്ടുകണ്ട് അറിയിച്ചതായും മോന്‍സ് ജോസഫ് പറഞ്ഞു.