പ്രകാശധാരാ തെരുവുവിളക്ക് പദ്ധതിയുമായി കിടങ്ങൂര്‍ ഡിവിഷന്
1531129
Sunday, March 9, 2025 2:30 AM IST
കൊഴുവനാല്‍: ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിൽ പ്രകാശധാരാ തെരുവുവിളക്ക് പദ്ധതി നടപ്പാക്കുന്നു.വര്‍ഷങ്ങളായി പുരയിടങ്ങളിലൂടെ കിടക്കുന്ന ലൈനുകള്‍ മൂലം വൈദ്യുതി പ്രസരണനഷ്ടവും തകരാറും സ്ഥിരസംഭവമായിരുന്ന ഡിവിഷന്റെ പരിധിയിലുള്ള കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍, അകലക്കുന്നം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ വൈദ്യുതി ലൈനുകള്‍ പുരയിടങ്ങളില്‍നിന്നും റോഡുകളിലൂടെയാക്കുന്നതിനും വിവിധ റോഡുകളില്‍ തെരുവുവിളക്കുകള്‍ക്കായി പുതിയ ലൈന്‍ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കൊഴുവനാല്‍ പഞ്ചായത്തിലെ സെന്റ് തോമസ് കരിയിലക്കുളം-മെഡിസിറ്റി റോഡ്, മധുരപ്പറമ്പ്-ചേര്‍പ്പുങ്കല്‍ റോഡ്, ആനിച്ചുവട്-പൂവക്കുളം റോഡ്, വാക്കപ്പുലം-തോക്കാട് റോഡ്, അകലക്കുന്നം പഞ്ചായത്തിലെ കൊച്ചുകരോട്ട്-പേഴുംകാട്ടില്‍ റോഡ്, മുത്തോലി-പാലംനഗര് റോഡ് എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലൂടെ കിടന്നിരുന്ന വൈദ്യുതി ലൈനുകളാണ് റോഡുകളിലേക്ക് മാറ്റി സ്ഥാപിക്കുന്നത്.