യുവസംരംഭകയുടെ വിജയം മാതൃകയായി
1531137
Sunday, March 9, 2025 2:30 AM IST
കാഞ്ഞിരപ്പള്ളി: വനിതാദിനത്തിൽ യുവസംരംഭകയുടെ വിജയം എല്ലാ വനിതകൾക്കും മാതൃകയായി. കാഞ്ഞിരപ്പള്ളി കൃഷിഭവന്റെ നേതൃത്വത്തിൽ യുവസംരംഭകയും കർഷകയുമായ വല്യേടത്ത് പാർവതിയുടെ കൃഷിയിടത്തിലെ വിളവെടുപ്പ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്തംഗങ്ങളായ ആന്റണി മാർട്ടിൻ, റിജോ വാളന്തറ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ തരത്തിലുള്ള പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയവ ജൈവ രീതിയിൽ കൃഷി ചെയ്ത് വ്യത്യസ്തയായിരിക്കുകയാണ് പാർവതി രാജ്കൃഷ്ണൻ. ചീര, വെണ്ട, വഴുതന, പയർ, പാവൽ, ചേന, ചേന്പ്, കാച്ചിൽ, കപ്പ എന്നിങ്ങനെ എല്ലാ വിഭവങ്ങളും പാർവതിയുടെ കൃഷിയിടത്തിലുണ്ട്. കൂടാതെ നിരവധിയായിട്ടുള്ള പഴവർഗ ചെടികളും ഇവിടെയുണ്ട്. ആർകെ ഫുഡ്സ് എന്ന പേരിൽ ഹോം മെയ്ഡ് ഉത്പന്നങ്ങൾ പാർവതി വിപണിയിൽ ഇറക്കിയിട്ടുണ്ട്. ചിപ്സ്, അച്ചപ്പം, മുറുക്ക്, മിക്സ്ച്ചർ, കാപ്പിപ്പൊടി, അവലോസുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവയാണ് വിപണിയിലുള്ള ഉത്പനങ്ങൾ.
ഭർത്താവ് രാജ്കൃഷ്ണന്റെ അകാലത്തിലുള്ള നിര്യാണത്തെത്തുടർന്നാണ് കൃഷിയിടത്തേക്കും സ്വന്തമായിട്ടുള്ള സംരംഭകത്തിലേക്കും പാർവതി തിരിഞ്ഞത്.